ഉത്തേജനം പകരാത്ത പ്രഖ്യാപനങ്ങൾ
Saturday, September 14, 2019 11:40 PM IST
സാന്പത്തികരംഗത്തു മാന്ദ്യമുണ്ട്. ഇതു തുറന്നു സമ്മതിക്കാൻ ഗവൺമെന്റ് തയാറല്ലെന്നേ ഉള്ളൂ. പരിഹാരം അടിയന്തര ഉത്തേജന പദ്ധതികളാണ്. പ്രശ്നം സമ്മതിക്കാത്ത ഗവൺമെന്റ് വേദനസംഹാരി പുരട്ടി രോഗം മാറ്റാമോ എന്നു നോക്കുന്നു.
ഏതാനുമാഴ്ചകളായി ഉത്തേജക പദ്ധതികൾ എന്ന പേരിൽ ഗഡുക്കളായി പ്രഖ്യാപിക്കുന്ന പരിപാടികളെല്ലാം ഇങ്ങനെ വേദനസംഹാരികൾ മാത്രം. വേദന മാറുന്നില്ല രോഗം ശമിക്കുന്നുമില്ല.
ഇന്നലെ നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതിയും അങ്ങനെതന്നെ. പാർപ്പിട പദ്ധതികൾ പൂർത്തീകരിക്കാൻ ധനസഹായം നൽകുന്ന ഒരു നിധി ഉണ്ടാക്കുന്നതാണ് ഒരു ഭാഗം. നിഷ്ക്രിയ ആസ്തിയായി മാറിയതിനോ പാപ്പർ നടപടികളിലേക്കു നീങ്ങിയതിനോ സഹായമില്ല. അവയാണു മുടങ്ങിക്കിടക്കുന്നവയിൽ ഭൂരിപക്ഷം.
കേന്ദ്രസർക്കാർ ജീവനക്കാരുടെ ഭവനവായ്പയുടെ പലിശ സർക്കാർ കടപ്പത്ര നിരക്കുമായി ബന്ധിപ്പിച്ചത് ഒരു ഭരണപരിഷ്കാരം മാത്രമാണ്; ഉത്തേജകമല്ല.
കയറ്റുമതി പ്രോത്സാഹനത്തിനു നിലവിലുള്ള എംഇഐഎസ് മാറ്റി റോഡ് ടെപ് കൊണ്ടുവരുന്നത് പേരുമാറ്റത്തിനപ്പുറം കാര്യമായ എന്തെങ്കിലും ചെയ്യുമെന്ന് കരുതാനാവില്ല. മറ്റു കയറ്റുമതി പ്രോത്സാഹന പ്രഖ്യാപനങ്ങളും പതിവ് സർക്കാർ പ്രഖ്യാപനങ്ങൾക്കപ്പുറം ഒന്നുമാകുന്നില്ല.
ചുരുക്കത്തിൽ മല എലിയെ പ്രസവിച്ചതുപോലെയായി ധനമന്ത്രിയുടെ ഉത്തേജക പദ്ധതി. അടിയന്തരമായി ആശ്വാസമോ പെട്ടെന്ന് ഉണർവോ നല്കുന്ന ഒന്നും ഉണ്ടായില്ല.
രാജ്യത്തു നിക്ഷേപം വർധിപ്പിച്ച് ആവശ്യം കൂട്ടുകയാണു ശരിയായ ഉത്തേജന പദ്ധതിയിൽ വേണ്ടത്. ധനകമ്മി മാത്രം ചിന്തിക്കുന്ന സർക്കാരിൽ നിന്ന് അത്തരം പദ്ധതികൾ പ്രതീക്ഷിക്കാനാവില്ല. നികുതിവരുമാനം കുറഞ്ഞു കമ്മി പരിധി വിട്ടു കയറുന്നവിധത്തിലേക്ക് നീങ്ങുന്പോൾ ശരിയായ ചികിത്സയ്ക്ക് സർക്കാർ മടിക്കുന്നു എന്നു ചുരുക്കം.
റ്റി.സി. മാത്യു