ആഭരണകേന്ദ്രങ്ങളിൽ സ്വർണത്തിനു തിളക്കം
Monday, April 12, 2021 1:09 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു
നാളികേരോത്പന്നങ്ങളുടെ വിലയിൽ സാങ്കേതിക തിരുത്തൽ, വിഷു ഡിമാൻഡിൽ വെളിച്ചെണ്ണ പ്രതീക്ഷ നിലനിർത്തി. പുതിയ ഉയരങ്ങളിലേക്കു പ്രവേശിക്കാനുള്ള ഉൗർജം കണ്ടെത്താൻ കുരുമുളക് ശ്രമം തുടങ്ങി. വ്യവസായികൾ ജാതിക്ക വരവിനായി കാത്തു നിൽക്കുന്നു. റബർക്ഷാമം രൂക്ഷമായ വേളയിൽ ലോക്ക്ഡൗണ് സാധ്യതകൾ മറയാക്കി ടയർ ലോബി വിലക്കയറ്റം തടഞ്ഞു. ആഭരണകേന്ദ്രങ്ങളിൽ സ്വർണത്തിനു തിളക്കം.

നാളികേരോത്പന്നങ്ങളുടെ വില തുടർച്ചയായ രണ്ടാം വാരവും താഴ്ന്നു. ദക്ഷിണേന്ത്യയിൽ നാളികേര വിളവെടുപ്പു വ്യാപകമായതോടെ പച്ചത്തേങ്ങയുടെ ലഭ്യത പല വിപണികളിലും ഉയർന്നു. തേങ്ങ വരവ് കണ്ട് വ്യവസായികൾ സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റഴിക്കാൻ മത്സരിച്ചു. വിഷു ഡിമാൻഡ് മുന്നിൽക്കണ്ട് ചെറുകിട വ്യാപാരികൾ വെളിച്ചെണ്ണയിൽ താത്പര്യം കാണിച്ചെങ്കിലും മില്ലുകാരിൽനിന്നുള്ള വില്പന സമ്മർദത്തിൽ കാങ്കയത്ത് എണ്ണ വില 19,300ൽ നിന്ന് 18,850 ലേക്ക് താഴ്ന്നു. ഇതിന്റെ ചുവടുപിടിച്ച് കൊച്ചിയിൽ എണ്ണ 20,400ൽനിന്ന് 19,650ലേക്ക് ഇടിഞ്ഞു. കൊപ്ര വില 450 രൂപ ഇടിഞ്ഞ് 13,000 രൂപയായി.

കുരുമുളക് വിപണിയിലെ ചരക്കുക്ഷാമം നിലനിന്നു. കാർഷികമേഖലയിൽനിന്നുള്ള ചരക്കുനീക്കം കുറഞ്ഞ അളവിലാണ്. കിലോ 340 രൂപയിൽ തുടങ്ങിയ മുന്നേറ്റം ഇതിനകം 405 രൂപ വരെയെത്തി. ഈ റേഞ്ചിൽ ഒരു തിരുത്തൽ സംഭവിക്കുന്നത് വിപണിയുടെ അടിത്തറ കൂടുതൽ ശക്തമാകാൻ ഉപകരിക്കും. ഇന്ത്യയിലും ഇതര ഉത്പാദന രാജ്യങ്ങളിലും മുളകിന് വില്പനക്കാർ ചുരുങ്ങിയത് ഇറക്കുമതിക്കാരിൽ സമ്മർദമുളവാക്കി, എന്നാൽ തിരക്കിട്ട് പുതിയ കച്ചവടങ്ങളിൽ ഏർപ്പെടാൻ ബയർമാർ തയാറായില്ല.
അന്താരാഷ്ട്ര വിപണിയിൽ മലബാർ കുരുമുളക് വില ടണ്ണിന് 5,500 ഡോളറിൽ നിന്ന് 5,300 ഡോളറായി. രൂപയുടെ വിനിമയനിരക്ക് ഇടിഞ്ഞത് രാജ്യാന്തര വില കുറച്ചു. വിളവെടുപ്പാണെങ്കിലും വിയറ്റ്നാമിലും ലഭ്യത വാങ്ങലുകാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. വിയറ്റ്നാം ടണ്ണിന് 3800 ഡോളറിനും ഇന്തോനേഷ്യ 3,800 ഡോളറിനും ക്വട്ടേഷൻ ഇറക്കി. കോവിഡ് വ്യാപനം രൂക്ഷമായതോടെ ബ്രസീലിലെ സ്ഥിതി കൂടുതൽ സങ്കീർണമായി, ബ്രസീൽ നിരക്ക് 4,000 ഡോളറിൽനിന്ന് 3,200 വരെ താഴ്ത്തിയെന്നാണു സൂചന. എന്നാൽ ഈ ഇടിവിൽ ആശങ്കപ്പെടാനില്ല. അവിടെ സ്ഥിതി മെച്ചപ്പെടുന്നതോടെ വിലയിൽ മുന്നേറ്റം പ്രതീക്ഷിക്കാം. ഷിപ്മെന്റുകൾ മുടങ്ങിയത് ചരക്കുനീക്കത്തെ ബാധിച്ചതിനാൽ ബ്രസീലിയൻ വിപണി സാന്പത്തികമായി ഞെരുക്കത്തിലാണ്. ശ്രീലങ്കൻ 3,700 ഡോളറിനും ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ ഗാർബിൾഡ് മുളക് വില 40,200ൽനിന്ന് 40,500 രൂപയായി.

ജാതിത്തോട്ടങ്ങളിൽ പുതിയ കായ്കൾ മൂത്തുവിളയുന്നു. പുതിയ ചരക്ക് വരവിനെ ഉറ്റുനോക്കുകയാണ് വ്യവസായികളും കയറ്റുമതിക്കാരും. ഉത്തരേന്ത്യയിലെ കറി മസാല വ്യവസായികൾ മാത്രമല്ല, ഒൗഷധ നിർമാതാക്കളും ജാതിക്കയെ ഉറ്റുനോക്കുന്നു. അറബ് രാജ്യങ്ങളിൽനിന്ന് അന്വേഷണങ്ങളുണ്ടെങ്കിലും പുതിയ കച്ചവടങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. ജാതിക്ക തൊണ്ടൻ കിലോ 240-260 രൂപയിലും തൊണ്ടില്ലാത്തത് 525-550 രൂപയിലും. ജാതിപത്രി 1300-1600 രൂപ.
കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഏലക്കയിൽ താത്പര്യം കാണിച്ചു. ഡിമാൻഡ് കണ്ട് സ്റ്റോക്കിസ്റ്റുകൾ ചരക്ക് ഇറക്കാനും ഉത്സാഹിച്ചതോടെ വാരാവസാനം വരവ് അരലക്ഷം കിലോയ്ക്ക് മുകളിലേക്കു നീങ്ങി. ശരാശരി ഇനങ്ങൾ പോയവാരം കിലോ 1268-1419 റേഞ്ചിൽ നീങ്ങിയപ്പോൾ മികച്ചയിനങ്ങൾ 1952-2340 രൂപയിലും കൈമാറി. ഓഫ് സീസണായതിനാൽ ഉത്പന്ന വില ഉയരുമെന്ന പ്രതീക്ഷയിലാണു കർഷകരും സ്റ്റോക്കിസ്റ്റുകളും.

കനത്ത വേനലിൽ റബർ ടാപ്പിംഗ് സ്തംഭിച്ചതിനാൽ ഷീറ്റിന് കടുത്ത ക്ഷാമം നേരിടുന്നു. വേനൽ മഴ സജീവമായാലും ടാപ്പിംഗ് പുനരാരംഭിക്കാൻ ഇനിയും ആഴ്ചകൾ കാത്തിരിക്കണം. വില ആകർഷകമാവുമെന്ന വിശ്വാസത്തിൽ മധ്യവർത്തികൾ ചരക്കിൽ പിടിമുറുക്കിയത് വ്യവസായികളെ സമ്മർദത്തിലാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് വീണ്ടും വ്യാപിച്ചത് ലോക്ക്ഡൗണിന് ഇടയാക്കുമെന്ന സൂചന പരന്നത് വിലക്കയറ്റത്തിനു തടയിട്ടു. കൊച്ചിയിൽ ആർഎസ്എസ് നാലാം ഗ്രേഡിന് 200 രൂപ കുറഞ്ഞ് 16,800 രൂപയായി. അഞ്ചാം ഗ്രേഡ് 16,000-16,600 രൂപയിലാണ്.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണത്തിനു തിളക്കമേറി. സംസ്ഥാനത്ത് പിന്നിട്ടവാരം പവന് 920 രൂപ വർധിച്ചു. രണ്ടാഴ്ചയ്ക്കിടെ ഉയർന്നത് 1,40 രൂപയാണ്. പോയവാരം പവൻ 33,800ൽനിന്ന് 34,720 രൂപയായി. ഗ്രാമിന് വില 4,340 രൂപ.

വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 74.96ലേക്ക് ഇടിഞ്ഞത് സ്വർണ ഇറക്കുമതി ചെലവ് ഉയർത്തി. രണ്ടാഴ്ചയ്ക്കിടയിൽ എതാണ്ട് 200 പൈസയുടെ ഇടിവ് രൂപയ്ക്കു നേരിട്ടു.
ന്യൂയോർക്കിൽ ട്രോയ് ഒൗണ്സിന് 1,730 ഡോളറിൽനിന്ന് 1,754 വരെ കയറിയ ശേഷം 1,744 ഡോളറിലാണ്. ഈവാരം 1,763 ഡോളറിലെ പ്രതിരോധം തകർത്താൽ മഞ്ഞലോഹം 1800 ലേക്ക് തിരിച്ചുപോക്കിന് ശ്രമിക്കാം, വിപണിയുടെ താങ്ങ് 1683 ഡോളറിലാണ്.