നടപടികൾ ഏശുന്നില്ല: രൂപ കൂടുതൽ താഴ്ചയിൽ
Wednesday, July 6, 2022 12:15 AM IST
മുംബൈ: പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരും ആർബിഐയും വഴികൾ പലതു നോക്കിയിട്ടും രൂപയുടെ തകർച്ച തുടരുന്നു. ഇന്നലെ ഒരു ഡോളറിനെതിരേ 41 പൈസ നഷ്ടത്തിൽ 79.36 എന്ന നിലയിലാണു രൂപ ക്ലോസ് ചെയ്തത്. ചരിത്രത്തിലാദ്യമായാണു രൂപ ഇത്രയും താഴുന്നത്.
ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ 79.04 എന്ന നിരക്കിൽ വ്യാപാരം ആരംഭിച്ച രൂപ വ്യാപാരവേളയിൽ 79.02 വരെ ഉയരുകയും 79.38വരെ താഴുകയും ചെയ്തിരുന്നു. തിങ്കളാഴ്ച 78.95 ലായിരുന്നു ക്ലോസിംഗ്.
ഡോളർ അനുദിനം കൂടുതൽ കരുത്താർജിക്കുന്നതും ക്രൂഡ് വിലവർധനയും ഇന്ത്യയിൽനിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റവുമൊക്കെയാണു രൂപയ്ക്ക് കുറച്ചുനാളുകളായി പ്രതിസന്ധിയാകുന്നത്. ആറു വിദേശ കറൻസികൾക്കെതിരേ യുഎസ് ഡോളറിന്റെ കരുത്ത് അടയാളപ്പെടുത്തുന്ന ഡോളർ സൂചിക ഇന്നലെ 0.89 ശതമാനമുയർന്ന് 106.07 ലെത്തി.
ഫെഡറൽ റിസർവ് അടിസ്ഥാന നിരക്കുകളിൽവീണ്ടും വർധനവരുത്തുമെന്നതിനാൽ ഡോളർ വരും ദിവസങ്ങളിലും കുതിപ്പു തുടരുമെന്നാണു വിലയിരുത്തൽ. അങ്ങനെയെങ്കിൽ രൂപ വീണ്ടും താഴേക്ക് വീഴും.
സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചതുൾപ്പെടെയുള്ള നടപടികളിലൂടെ രൂപയെ പിടിച്ചുനിർത്താൻ സർക്കാർ സംവിധാനങ്ങളും ശ്രമിക്കുന്നുണ്ട്.
ഇന്ത്യൻ ഓഹരിവിപണിയും ഇന്നലെ നഷ്ടത്തിലായിരുന്നു. സെൻസെക്സ് 100.42 പോയിന്റ് താണ് 53,134.35 ലും നിഫ്റ്റി 24.50 പോയിന്റ് ഇടിഞ്ഞ് 15,810.85 ലാണു ക്ലോസ് ചെയ്തത്.
അതേസമയം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽ വില്പനക്കാരായി തുടരുകയാണ്. തിങ്കളാഴ്ച 2149.56 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റത്.