ഒരു രാജ്യം, ഒറ്റ ചാർജർ
Friday, August 19, 2022 12:59 AM IST
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോണുകൾക്കുൾപ്പെടെയുള്ള പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് പൊതുവായ ഒരു ചാർജർ നടപ്പാക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ.
ഓരോ പുതിയ പരിഷ്കാരം വരുന്പോൾ ഉപയോഗശൂന്യമാകുന്ന ചാർജറും കേബിളും ഇലക്ട്രോണിക് മാലിന്യമായി കുന്നുകൂടുന്നതു തടയാനാണു നീക്കമെന്നാണു കേന്ദ്ര സർക്കാർ വിശദീകരണം.
പൊതുവായ ഒരു ചാർജർ അല്ലെങ്കിൽ ചാർജിംഗ് പോർട്ട് മതിയെന്നാണു കേന്ദ്രസർക്കാരിന്റെ നിലപാട്. ചാർജിംഗ് പോർട്ട് ഏകീകരിക്കുന്നതോടെ ഒരു ടൈപ് സി ചാർജറുണ്ടെങ്കിൽ എല്ലാ ഡിവൈസും ചാർജ് ചെയ്യാൻ സാധിക്കും. നിലവിൽ ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുന്പോഴും അതിനനുസരിച്ചു ചാർജറുകളും വാങ്ങേണ്ടി വരുന്നുണ്ട്.
മൊബൈൽ ഫോണ്, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോ ണിക് ഉപകരണങ്ങളിൽ ടൈപ്പ് സി ചാർജിംഗ് പോർട്ടുകൾ മാത്രമാക്കി ഏകീകരിക്കാനുള്ള ശ്രമമാണു കേന്ദ്ര സർക്കാർ നടത്തുന്നത്. സ്മാർട്ട്ഫോണ് കന്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മിൽ ബുധനാഴ്ച നടന്ന ചർച്ചയിൽ ഇക്കാര്യം നിർദേശിച്ചതായാണു റിപ്പോർട്ട്.