സ്വര്‍ണം പവന് 640 രൂപ കുറഞ്ഞു
Thursday, March 23, 2023 12:47 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: ആഭരണപ്രേമികള്‍ക്ക് തൽക്കാലം ആശ്വാസിക്കാം; സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. എന്നാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നേക്കാമെന്നാണ് വിപണി നല്കുന്ന സൂചന. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,420 രൂപയും പവന് 43,360 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വ്യത്യാസമാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയാന്‍ കാരണമായത്. അന്താരാഷ്ട്ര സ്വര്‍ണ വില ശനിയാഴ്ച 2009 ഡോളര്‍ വരെ കുതിച്ചെത്തിയ ശേഷം ഇന്നലെ 1935 ഡോളറിലേക്ക് തിരിച്ചിറങ്ങി. യുഎസിലെ സിലിക്കണ്‍വാലി, സിഗ്നേച്ചര്‍, സില്‍വര്‍ ഗേറ്റ് ബാങ്കുകളുടെയും സ്വിറ്റ്സര്‍ലന്‍ഡിലെ ക്രെഡിറ്റ് സ്വീസ് ബാങ്കിന്റെ തകര്‍ച്ചയും പോയ വാരം സ്വര്‍ണവില റിക്കാര്‍ഡുകള്‍ മറികടന്നു മുന്നേറാന്‍ കാരണമായി. ഇതോടെ സ്വര്‍ണത്തില്‍ നിക്ഷേപം കൂടിവന്നു. ഇത് സ്വര്‍ണവിലയെ കുത്തനെ ഉയര്‍ത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു. തകര്‍ന്ന ബാങ്കുകളെ ഏറ്റെടുക്കുമെന്ന വാര്‍ത്ത സ്വര്‍ണവിലയില്‍ തിരുത്തലിന് ഇടയാക്കി.
സ്വിറ്റ്സര്‍ലന്‍ഡില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ക്രെഡിറ്റ് സ്വീസ് ബാങ്കിനെ ഏറ്റെടുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയാറായതോടെ യൂറോപ്യന്‍ ഓഹരികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില കുറഞ്ഞു.
എന്നാല്‍, ഇന്ന് അര്‍ധരാത്രി നടക്കുന്ന യു എസ് ഫെഡ് മീറ്റിംഗ് സ്വര്‍ണവില സംബന്ധിച്ച് നിര്‍ണായകമാകുമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് 4.75 ശതമാനത്തില്‍നിന്ന് അര ശതമാനം വര്‍ധിപ്പിച്ച് 5.25 ശതമാനമോ കാല് ശതമാനം വര്‍ധിപ്പിച്ച് അഞ്ചു ശതമാനമോ ആക്കുമെന്നും അതല്ല തല്‍സ്ഥിതി തുടരുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. എന്തു സംഭവിച്ചാലും സ്വര്‍ണത്തിന് അനുകൂലമാണെന്ന വിലയിരുത്തലാണ്. കാരണം പലിശ കൂട്ടിയാല്‍ ബാങ്കുകള്‍ക്ക് വീണ്ടും ദോഷകരമാകും. സാമ്പത്തിക മാന്ദ്യം കൂടും. ബോണ്ട് മാര്‍ക്കറ്റിനെ ഇത് കാര്യമായി ബാധിക്കും. ഇതെല്ലാം സ്വര്‍ണത്തിന് ഗുണകരമാകും.
പലിശ കൂട്ടിയാലും കുറച്ചാലും സ്വര്‍ണത്തിന് ഫലത്തില്‍ ഗുണം തന്നെയാകും.