ജയ്റ്റ്ലിയുടെ നില ഗുരുതരമായി തുടരുന്നു
Monday, August 19, 2019 12:17 AM IST
ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ആശുപത്രിയിൽ കഴിയുന്ന മുൻ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് ചികിത്സ തുടരുന്നത്. വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടർമാർ ഉൾപ്പെട്ട സംഘത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നതെന്നും എയിംസ് അധികൃതർ വ്യക്തമാക്കി.
ശ്വാസതടസം അടക്കമുള്ള രോഗങ്ങളെത്തുടർന്ന് ഓഗസ്റ്റ് പത്തിനാണ് ജയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ രാംവിലാസ് പാസ്വാൻ, സ്മൃതി ഇറാനി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ഹിമാചൽ പ്രദേശ് ഗവർണർ കൽരാജ് മിശ്ര, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ജോയിന്റ് ജനറൽ സെക്രട്ടറി ഡോ. കൃഷ്ണ ഗോപാൽ തുടങ്ങിയവർ ഇന്നലെ ജയ്റ്റ്ലിയെ സന്ദർശിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ വെള്ളിയാഴ്ച എയിംസിലെത്തി ജയ്റ്റ് ലിയെ സന്ദർശിച്ചിരുന്നു.