ആറാം ഘട്ടം ബിജെപിക്കു നിർണായകം, പ്രതീക്ഷയോടെ ഇന്ത്യാ മുന്നണി
ബിജോ മാത്യു
Friday, May 24, 2024 5:58 AM IST
ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം നിർണായകം. 58 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. 2019ൽ ഈ മണ്ഡലങ്ങളിൽ 40 എണ്ണം ബിജെപി വിജയിച്ചു. അഞ്ചെണ്ണം ബിജെപിയുടെ സഖ്യകക്ഷികൾക്കു ലഭിച്ചു. കോൺഗ്രസിന് ഒറ്റ സീറ്റും ലഭിച്ചില്ല. മാത്രമല്ല, അന്നത്തെ യുപിഎ മുന്നണിക്കും ഒറ്റ സീറ്റിലും ജയിക്കാനായില്ല. ബിഎസ്പിയും ബിജെഡിയും നാലു വീതവും തൃണമൂൽ കോൺഗ്രസ് മൂന്നും സീറ്റ് നേടി. നാഷണൽ കോൺഫറൻസ്, സമാജ്വാദി പാർട്ടി എന്നിവ ഓരോ സീറ്റ് നേടി. 58 മണ്ഡലങ്ങളിലും പരസ്യപ്രചാരണം ഇന്നലെ സമാപിച്ചു. നാളെയാണു വിധിയെഴുത്ത്.
യുപി-14
സുൽത്താൻപുർ, പ്രതാപ്ഗഡ്, ഫുൽപുർ, അലാഹാബാദ് , അംബേദ്കർനഗർ, ശ്രാവസ്തി, ദൊമരിയാഗഞ്ച്, ബസ്തി, സന്ത് കബീർനഗർ, ലാൽഗഞ്ച് , അസംഗഡ്, മഛ്ലിഷഹർ, ഭദോഹി, ജൗൻപുർ എന്നീ മണ്ഡലങ്ങളാണ് ആറാം ഘട്ടത്തിൽ വിധിയെഴുക. ഇതിൽ ഒന്പതെണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. ബിഎസ്പി നാലിലും എസ്പി ഒരു സീറ്റിലും വിജയിച്ചു. മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധി സുൽത്താൻപുരിൽ ബിജെപി ടിക്കറ്റിൽ ജനവിധി തേടുന്നു.
ഇത്തവണ ബിഎസ്പിയും എസ്പിയും വെവ്വേറെ മത്സരിക്കുന്നു. കൂടുതൽ സീറ്റുകളിൽ എസ്പി വിജയം പ്രതീക്ഷിക്കുന്നു. ഭദോഹി സീറ്റ് എസ്പി തൃണമൂൽ കോൺഗ്രസിനു നല്കി. അലാഹാബാദിൽ മാത്രമാണു കോൺഗ്രസ് മത്സരിക്കുന്നത്. ബാക്കിയുള്ള 12 മണ്ഡലങ്ങളിൽ എസ്പി മത്സരിക്കുന്നു. 2019ൽ മഛ്ലിഷഹറിൽ വെറും 181 വോട്ടിനാണു ബിജെപി വിജയിച്ചത്.
ഹരിയാന-10
ഹരിയാനയിലെ പത്തു മണ്ഡലങ്ങളും 2019ൽ വിജയിച്ചത് ബിജെപി. ഇക്കുറി കോൺഗ്രസ്-എഎപി സഖ്യത്തിൽനിന്നു ബിജെപി കടുത്ത മത്സരം നേരിടുന്നു. കുരുക്ഷേത്രയിലാണ് എഎപി മത്സരിക്കുന്നത്. മുന്പു ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ജെജെപി ഒറ്റയ്ക്കു മത്സരിക്കുന്നു. മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ (കർണാൽ), ദീപേന്ദർ ഹൂഡ (റോഹ്തക്), നവീൻ ജിൻഡാൽ (കുരുക്ഷേത്ര) എന്നിവരാണു പ്രമുഖ സ്ഥാനാർഥികൾ.
ഡൽഹി-7
കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും സന്പൂർണവിജയം നേടിയ ബിജെപി ഇത്തവണ എഎപി-കോൺഗ്രസ് സഖ്യത്തിൽനിന്നു കടുത്ത വെല്ലുവിളി നേരുന്നു. ബിജെപി ഏഴു സീറ്റിലും മത്സരിക്കുന്നു. എഎപി നാലിലും കോൺഗ്രസ് മൂന്നിലും ജനവിധി തേടുന്നു. അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ എഎപിയുടെ പ്രചാരണം ബിജെപിയുടെ ഉറക്കം കെടുത്തുന്നു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ മനോജ് തിവാരി-കനയ്യകുമാർ മത്സരമാണ് ഏറ്റവും ശ്രദ്ധേയം.
ഒഡീഷ-6
ഭുവനേശ്വർ, പുരി, ധെങ്കനാൽ, കിയോഝർ, കട്ടക്ക്, സാംബൽപുർ മണ്ഡലങ്ങൾ വിധിയെഴുതുന്നു. ബിജെഡിയും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. കോൺഗ്രസ് ദുർബലമായ മണ്ഡലങ്ങൾ. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ബിജെപി വക്താവ് സംബിത് പത്ര എന്നിവരാണു ജനവിധി തേടുന്ന പ്രമുഖർ.
ബംഗാൾ-8
താംലുക്, കാന്തി, ഘട്ടൽ, ഝാർഗ്രാം, മേദിനിപുർ, പുരുളിയ, ബങ്കുര, ബിഷ്ണുപുർ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണിവ. 2019ൽ ബിജെപി അഞ്ചു മണ്ഡലങ്ങളിലും തൃണമൂൽ മൂന്നിടത്തും വിജയിച്ചു. ഇത്തവണ തൃണമൂൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. ഇടത്-കോൺഗ്രസ് സഖ്യത്തിനു കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലങ്ങളാണിവ. പുരുളിയയിൽ പ്രമുഖ കോൺഗ്രസ് നേതാവ് നേപ്പാൾ മഹാതോ മത്സരിക്കുന്നു.
ജാർഖണ്ഡ്-4
ഗിരിദി, റാഞ്ചി, ജാംഷഡ്പുർ, ധൻബാദ് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഗിരിദിയിൽ എജെഎസ്യു മത്സരിക്കുന്നു. മറ്റു മൂന്നു മണ്ഡലങ്ങൾ ബിജെപിയുടെ ശക്തികേന്ദ്രങ്ങൾ. ജാംഷഡ്പുരിൽ ജെഎംഎമ്മിനു വിജയപ്രതീക്ഷ.
ബിഹാർ-8
വാൽമീകിനഗർ, പശ്ചിം ചന്പാരൻ, പൂർവി ചന്പാരൻ, ശിവഹർ, വൈശാലി, ഗോപാൽഗഞ്ച്, സിവാൻ, മഹാരാജ്ഗഞ്ച് എന്നീ മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. എട്ടു മണ്ഡലങ്ങളും ബിജെഡി-ജെഡിയു-എൽജെപി സഖ്യത്തിനൊപ്പം. ഇത്തവണ ഇന്ത്യാ മുന്നണി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു. പശ്ചിം ചന്പാരൻ, മഹാരാജ്ഗഞ്ച് മണ്ഡലങ്ങളിൽ കോൺഗ്രസാണ് ഇന്ത്യാ സഖ്യത്തിൽ മത്സരിക്കുന്നത്. വിഐപി പാർട്ടി രണ്ടു മണ്ഡലങ്ങളിൽ ആർജെഡി ചിഹ്നത്തിൽ ജനവിധി തേടുന്നു.
ജമ്മു കാഷ്മീർ-1
ജമ്മു കാഷ്മീരിലെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും നാഷണൽ കോൺഫറൻസിലെ മിയാൻ അൽതാഫുമാണു പ്രധാന സ്ഥാനാർഥികൾ. നാഷണൽ കോൺഫറൻസി(എൻസി)ന്റെ സിറ്റിംഗ് സീറ്റാണിത്. കോൺഗ്രസിന്റെ പിന്തുണ എൻസിക്കുണ്ട്. മത്സരരംഗത്തില്ലാത്ത ബിജെപി അപ്നി പാർട്ടിയെ പിന്തുണയ്ക്കുന്നു.