സർക്കാർ ഉദ്യോഗസ്ഥനു ശന്പളം എയർ ഇന്ത്യയിൽനിന്ന്
Saturday, January 12, 2019 12:16 AM IST
മുംബൈ: കടക്കെണിയിൽ നട്ടംതിരിയുന്ന എയർ ഇന്ത്യയിൽനിന്ന് ഡിജിസിഎ ഉദ്യോഗസ്ഥൻ വാങ്ങിയത് ഒരു കോടിയോളം രൂപ. വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ (ഡിജിസിഎ) ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർ (സിഎഫ്ഒഐ) ആണ് എയർ ഇന്ത്യയിൽനിന്ന് ശന്പളം പറ്റിയത്. 2017-18 കാലഘട്ടത്തിൽ രണ്ടു സർക്കാർ സ്ഥാപനങ്ങളിൽനിന്നും (എയർ ഇന്ത്യ, ഡിജിസിഎ) ക്യാപ്റ്റൻ അതുൽ ചന്ദ്ര എന്ന ഉദ്യോഗസ്ഥൻ ശന്പളം കൈപ്പറ്റി എന്നാണ് റിപ്പോർട്ട്.
എയർ ഇന്ത്യയുടെ ജിഎം ആയിരുന്ന ചന്ദ്ര 2017 ജനുവരി മുതൽ ഡിജിസിഎയിൽനിന്ന് 8-9 ലക്ഷം രൂപ പ്രതിമാസം വേതനം കൈപ്പറ്റി. അതിനൊപ്പം ഒന്നര വർഷത്തോളം എയർ ഇന്ത്യയിൽനിന്നു പ്രതിമാസം 5-6 ലക്ഷം രൂപയും കൈപ്പറ്റി.
അതേസമയം, പുറത്തുവന്ന റിപ്പോർട്ടുകളിൽ എയർ ഇന്ത്യ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇതേക്കുറിച്ച് തിരിച്ചറിഞ്ഞപ്പോൾ, ഏതാനും മാസങ്ങൾക്കു മുന്പ് അധികമായി വാങ്ങിയ തുക തിരിച്ച് എയർ ഇന്ത്യക്ക് നല്കാനുള്ള നടപടികൾ ചന്ദ്ര തുടങ്ങിയെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. അധികമായി വാങ്ങിയ തുകയ്ക്ക് നികുതി അടച്ചിട്ടുള്ളതിനാൽ ധനമന്ത്രാലയം റീഫണ്ട് നല്കിയേക്കും.