ഹോണ്ട സിറ്റിക്ക് പുതിയ വേരിയന്റ്
Sunday, January 13, 2019 12:40 AM IST
ഓട്ടോസ്പോട്ട് / ഐബി
മാന്വൽ ട്രാൻസ്മിഷൻ വാഹനത്തിന് ആവശ്യക്കാരേറിയതിനാൽ ഹോണ്ട തങ്ങളുടെ മിഡ് സൈസ് സെഡാൻ മോഡലായ സിറ്റിയുടെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ടോപ് എൻഡ് വേരിയന്റായ സെഡ്എക്സിന്റെ പെട്രോൾ മോഡലാണ് കമ്പനി പുതുതായി അവതരിപ്പിച്ചത്. ഇനിമുതൽ സെഡ്എക്സ് വേരിയന്റ് പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭിക്കും.
നിരവധി ഫീച്ചറുകൾ: ആറ് എയർബാഗുകൾ, എൽഇഡി പാക്കേജ്, വൺ ടച്ച് ഓപ്പൺ/ക്ലോസ് ഇലക്ട്രിക് സൺറൂഫ്, 16 ഇഞ്ച് ഡയമണ്ട് കട്ട് മൾട്ടി സ്പോക്ക് അലോയ് വീലുകൾ, 17.7 സെന്റീമീറ്റർ ടച്ച്സ്ക്രീൻ ഇൻഫോടെയ്ന്റ്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകൾ, ഹെഡ്ലാന്പ് ഓട്ടോ ഓഫ് ടൈമർ, റെയ്ൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയവയാണ് പുതിയ വേരിയന്റിന്റെ ഫീച്ചറുകൾ.
പുതിയ രണ്ടു നിറങ്ങൾകൂടി: റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നിങ്ങനെ രണ്ടു നിറങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഈ നിറങ്ങളിൽ ഇനിമുതൽ എല്ലാ വേരിയന്റുകളും ലഭ്യമാകും. ഈ നിറങ്ങൾ കഴിഞ്ഞ വർഷം വിപണിയിലെത്തിയ രണ്ടാം തലമുറ അമേസിൽ അവതരിപ്പിച്ചിരുന്നു.
റിയർ പാർക്കിംസ് സെൻസർ: സിറ്റിയുടെ എല്ലാ മോഡലിലും ഇനിമുതൽ റിയർ പാർക്കിംഗ് സെൻസർ സ്റ്റാൻഡാർഡ് ആയി ഉണ്ടാകും.
സ്റ്റാൻഡാർഡ് ഫീച്ചർ വേറെയുമുണ്ട്: സുരക്ഷയ്ക്കായി ഡുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവ ബേസ് മോഡൽ മുതൽ ഉണ്ടാകും.
എൻജിൻ: 1.5 ലിറ്റർ സിവിടി പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എൻജിന് 119 പിഎസ് പവറിൽ 145 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയും. അതേസമയം, 1.5 ലിറ്റർ ഡീസൽ എൻജിന് 100 പിഎസ് പവറിൽ 200 എൻഎം ടോർക്ക് ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാന്വൽ ട്രാൻസ്മിഷനിലാണ് പുതിയ പെട്രോൾ വേരിയന്റ് ലഭ്യമാകുക. 17.4 കിലോമീറ്റർ മൈലേജ് കന്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
എതിരാളികൾ നിരവധി: ടോപ് വേരിയന്റ് പെട്രോൾ മാന്വൽ ട്രാൻസ്മിഷൻ മോഡൽ അവതരിപ്പിച്ചതിലൂടെ മാരുതി സുസുകി സിയാസ്, ഹ്യുണ്ടായ് വെർണ, ടൊയോട്ട യാരിസ് തുടങ്ങിയ മോഡലുകൾക്ക് സിറ്റി ശക്തമായ വെല്ലുവിളിയുയർത്തിയേക്കും. ഈ മോഡലുകൾക്ക് നിലവിൽ ടോപ് എൻഡ് പെട്രോൾ മാന്വൽ ട്രാൻസ്മിഷൻ വേരിയന്റുണ്ട്.
വില: 12.75 ലക്ഷം (എക്സ് ഷോറൂം).