ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലെത്തുക ലക്ഷ്യം: മോദി
Friday, January 18, 2019 10:36 PM IST
അഹമ്മദാബാദ്: ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 50ൽ ഇടം നേടുകയാണു ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്‍പതാമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഉദ്ഘാടനപ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോകബാങ്കിന്റെ ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 75 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇപ്പോൾ 77-ാമതാണ്.
നേട്ടങ്ങൾ കൊയ്യാനുള്ള രാജ്യത്തിന്റെ ശക്തിയെ തടയുന്ന വേലികൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ, "നവീകരിക്കുക, പ്രവർത്തിക്കുക, രൂപാന്തരപ്പെടുക, വീണ്ടും പ്രവർത്തിക്കുക' എന്ന മന്ത്രമാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലു വർഷമായി ശരാശരി വളർച്ചാനിരക്ക് 7.3 ശതമാനമാണ്. 1991നു ശേഷം ഏറ്റവും മികച്ച നിലയാണിതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിക്ഷേപസാധ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2003ൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി തുടങ്ങിവച്ചതാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി.