കൂടുതൽ ജെറ്റ് വിമാനങ്ങൾ സർവീസ് നിർത്തി
Tuesday, March 19, 2019 12:25 AM IST
ന്യൂഡൽഹി: ജെറ്റ് എയർവേസിന്റെ അറുപതിൽപ്പരം വിമാനങ്ങൾ സർവീസ് നിർത്തി. സാന്പത്തികപ്രതിസന്ധിയിൽപ്പെട്ട് നട്ടംതിരിയുന്ന ജെറ്റ് എയർവേസ് വിമാനങ്ങളുടെ പാട്ടത്തുക മുടക്കിയതിനാലാണ് കൂടുതൽ വിമാനങ്ങളുടെ സർവീസ് മുടങ്ങിയത്. ഇന്നലെ മാത്രം നാല് വിമാനങ്ങൾ സർവീസ് മുടക്കി. ഇതോടെ 119 വിമാനങ്ങളുള്ള ജെറ്റിന്റെ പകുതിയോളം വിമാനങ്ങൾ സർവീസ് നിർത്തിയ നിലയിലായി.
ജെറ്റ് എയർവേസ് വിമാനങ്ങൾ റദ്ദാക്കപ്പെടുന്നതോടെ മറ്റ് വിമാനക്കന്പനികൾക്ക് പ്രാധാന്യമേറി. ഇതോടെ എയർ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ എയർ, ഇൻഡിഗോ തുടങ്ങിയ വിമാനക്കന്പനികളുടെ ടിക്കറ്റ്നിരക്ക് ഗണ്യമായി ഉയർന്നു.
അവധിക്കാല യാത്രാ സീസണ് ആയതിനാൽ യാത്രക്കാർ കൂടുതലുണ്ട്. വിമാനനിരക്ക് ഉയർന്നത് ചർച്ച ചെയ്യാനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, ഇത്തിഹാദ് എയർവേസ് ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ലസ് എസ്ബിഐ ചെയർമാൻ രജ്നിഷ് കുമാറിനെ കണ്ടു. പ്രശ്നപരിഹാര പദ്ധതികളാണ് ഇരുവരും ചർച്ചചെയ്തത്. വിമാനങ്ങൾ സർവീസ് അവസാനിപ്പിക്കേണ്ടിവരുന്ന സാഹചര്യത്തിൽ അടിയന്തരമായി 750 കോടി രൂപ നല്കണമെന്ന് ഇത്തിഹാദിനോട് ജെറ്റ് എയർവേസ് ആവശ്യപ്പെട്ടിട്ടുണ്ട്. അബുദാബിയിലേക്കുള്ള സർവീസുകൾ ഇന്നലെ മുതൽ ജെറ്റ് അവസാനിപ്പിച്ചു.