സംസ്ഥാനത്ത് ഇന്ധനവില മേലോട്ട്; രണ്ടു ദിവസത്തിനിടെ 40 പൈസ കൂടി
Wednesday, September 18, 2019 10:53 PM IST
കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ധനവില മേലോട്ട്. ഇന്നലെമാത്രം പെട്രോളിന് 26 പൈസയുടെയും ഡീസലിന് 25 പൈസയുടെയും വർധനവ് രേഖപ്പെടുത്തി. രണ്ട് ദിവസത്തിനിടെ പെട്രോളിന് 40 പൈസയും ഡീസലിന് 41 പൈസയുമാണു ഉയർന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നലത്തെ വില 74.52 രൂപയാണ്. ഡീസൽ വില 69.65 രൂപയായും ഉയർന്നു. തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 75.81 രൂപയും ഡീസൽ വില 70.85 രൂപയുമായി.
കോഴിക്കോട് പെട്രോൾ വില ലിറ്ററിന് 74.58 രൂപയും ഡീസൽ വില 69.73 രൂപയുമായാണ് ഉയർന്നത്. സൗദി അറേബ്യയിലെ എണ്ണ സംസ്കരണ കേന്ദ്രത്തിനും എണ്ണപ്പാടത്തിനും നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ക്രൂഡ് കയറ്റുമതി കുറഞ്ഞ സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഇന്ധന വില വർധിച്ചേക്കാമെന്നാണു വിലയിരുത്തൽ. കഴിഞ്ഞ ഒന്പതിന് പെട്രോൾ വില കൊച്ചിയിൽ 73.76 രൂപയും ഡീസൽ വില 68.85 രൂപയുമായിരുന്നു.
അവധി ദിവസങ്ങളിലൊഴികെ പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇന്ധനവില വർധിച്ചു.