ഓഹരികൾക്കു കുതിപ്പ്
Thursday, October 10, 2019 12:19 AM IST
മുംബൈ: ബാങ്ക് ഓഹരികൾ വാങ്ങിക്കൂട്ടാനുള്ള തിടുക്കം ഓഹരിവിപണിയിൽ ദീപാവലിക്കു മുന്പ് ആഘോഷത്തിനു വഴിതെളിച്ചു. ആറു ദിവസം തുടർച്ചയായി താഴോട്ടുപോയ സൂചികകൾ ഇന്നലെ കുതിച്ചുകയറി.
സെൻസെക്സ് 645.97 പോയിന്റ് (1.72 ശതമാനം) ഉയർന്ന് 38,177.95-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 186.9 പോയിന്റ് (1.68 ശതമാനം) കയറി 11,313.3-ൽ ക്ലോസ് ചെയ്തു.
കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ വർധിപ്പിച്ചതടക്കമുള്ള വാർത്തകളും ആവേശത്തിനു കാരണമായെന്നാണു വ്യാഖ്യാനം. ഡിഎ വർധനമൂലം ഈ മാർച്ച് വരെ 12,000 കോടി രൂപ അധികമായി വിപണിയിലെത്തും. ഇതു വ്യാപാരം വർധിപ്പിക്കുമെന്നാണു പ്രതീക്ഷ.
എന്നാൽ ഓഹരികളുടെ ഇപ്പോഴത്തെ ഉയർച്ചയിൽ ജാഗ്രത വേണമെന്നു നിക്ഷേപവിദഗ്ധർ ഉപദേശിക്കുന്നു. വിപണിവിട്ടുപോകുന്ന വിദേശനിക്ഷേപകർ മടങ്ങിവരുന്നതായ സൂചനയില്ല. സാന്പത്തികരംഗത്ത് പെട്ടെന്നൊരു വളർച്ചക്കുതിപ്പും ആരുടെയും പ്രതീക്ഷയിലില്ല. കരുതലോടെയേ നിക്ഷേപിക്കാവൂ എന്നാണ് വിദഗ്ധരുടെ ഉപദേശം.
ഇൻഡസ് ഇൻഡ് ബാങ്ക് ഇന്നലെ 5.45 ശതമാനം ഉയർന്നു. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുടെ വിലയും ഗണ്യമായി കയറി. ബോണ്ടുകളുടെ വില ഈ ദിവസങ്ങളിൽ വർധിച്ചിട്ടുണ്ട്. ഇനിയും റിസർവ് ബാങ്ക് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണത്.ഭാരതി എയർടെൽ അടക്കം ടെലികോം കന്പനികളും ഇന്നലെ നല്ല നേട്ടമുണ്ടാക്കി.