വാങ്ങുന്നവർക്ക് എയർ ഇന്ത്യയുടെ പേരു മാറ്റാനും സ്വാതന്ത്ര്യം!
Friday, October 18, 2019 11:46 PM IST
മുംബൈ: വന്ന് വന്നു എങ്ങനെയെങ്കിലും ഇതൊന്നു വിറ്റുകിട്ടിയാൽ മതിയെന്ന ചിന്തയിലാണ് എയർ ഇന്ത്യയുടെ അമരക്കാരെന്നു തോന്നുന്നു. കാരണം കഴിഞ്ഞ വർഷംവരെ എയർ ഇന്ത്യ സ്വകാര്യവത്കരിക്കുന്നതിനു വച്ചിരുന്ന നിബന്ധനകളൊക്കെതന്നെ അധികൃതർ എടുത്തു കളയുകയാണെന്ന സൂചനകളാണു പുറത്തുവരുന്നത്.
എയർ ഇന്ത്യ സ്വന്തമാക്കുന്നവർ നിശ്ചിത കാലംവരെ എയർ ഇന്ത്യയുടെ ബ്രാൻഡ് നെയിം മാറ്റാതിരിക്കുക, മൂന്നു വർഷത്തേക്കു മറ്റു കന്പനികളുമായി ലയിപ്പിക്കാതിരിക്കുക തുടങ്ങിയ നിബന്ധനകളാണ് നേരത്തെയുണ്ടായിരുന്നത്. കന്പനിയുടെ 24 ശതമാനം ഓഹരികൾ കേന്ദ്രസർക്കാരിന് അർഹതപ്പെട്ടതായിരിക്കുമെന്ന നിബന്ധനയും വിൽപനയ്ക്കു ചുമതലപ്പെട്ടവർ വച്ചിരുന്നു.
എന്നാൽ, സ്വകാര്യവത്കരണ നടപടി ഇതുവരെയും ഫലം കാണാത്ത സ്ഥിതിക്ക് ഇത്തരത്തിലുള്ള നിബന്ധന എടുത്തുമാറ്റുകയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. നിബന്ധനകൾ താത്പര്യക്കാരെ അകറ്റുന്നുവെന്ന വിലയിരുത്തലിനെത്തുടർന്നാണിതെന്നു കരുതുന്നു.