ചൈനീസ് വളർച്ച വീണ്ടും താഴോട്ട് 6%
Friday, October 18, 2019 11:46 PM IST
ഷാങ്ഹായ്: 27 വർഷത്തിനുള്ളിലെ ഏറ്റവും താണ സാന്പത്തികവളർച്ചയിൽ ചൈന. സെപ്റ്റംബർ 30-നവസാനിച്ച ത്രൈമാസത്തിൽ ചൈനീസ് ജിഡിപി വളർച്ച ആറുശതമാനം മാത്രം.
കുറേ ത്രൈമാസങ്ങളായി ചൈനീസ് വളർച്ച കുറഞ്ഞുവരികയാണ്. വളർച്ച ഇനിയും താഴോട്ടുപോകുമെന്നാണു സൂചന.
2019-ലെ ആദ്യ ത്രൈമാസത്തിൽ 6.4 ശതമാനവും രണ്ടാമത്തേതിൽ 6.2 ശതമാനവും ആയിരുന്നു വളർച്ച. കഴിഞ്ഞവർഷം മൊത്തം വളർച്ച 6.6 ശതമാനമായിരുന്നു.
സാന്പത്തികവളർച്ചയ്ക്കു താഴോട്ടുള്ള സമ്മർദം ഏറിവരികയാണെങ്കിലും പ്രധാന സാന്പത്തിക സൂചനകൾ സ്വീകാര്യമായ പരിധിയിലാണു നിൽക്കുന്നതെന്നു നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ വക്താവ് മാവോ ഷെംഗ്യോഗ് പറഞ്ഞു. തൊഴിലില്ലായ്മ താണുനിൽക്കുന്നു; വിലക്കയറ്റം കുറവാണ്; ഇന്ധന-ഭക്ഷ്യവിലകളും താഴ്ന്നുനിൽക്കുന്നു.
ഈ വർഷം ആറിനും ആറരയ്ക്കുമിടയിലാകും വളർച്ചാനിരക്ക് എന്നാണു ചൈനീസ് ഭരണകൂടം മുന്പേ കണക്കാക്കിയിരുന്നത്. ഒന്പതുമാസത്തെ വളർച്ച 6.2 ശതമാനമുണ്ട്.
മൂലധന നിക്ഷേപത്തിലും കയറ്റുമതിയിലും കുറവു വന്നിട്ടുണ്ട്. കെട്ടിടനിർമാണ മേഖലയിലും വളർച്ച കുറഞ്ഞു.