ദീപാവലി സീസണിലും വ്യാപാരത്തിൽ ഉണർവില്ല
Monday, October 21, 2019 10:46 PM IST
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രധാന വ്യാപാരസീസണായ ദീപാവലി വന്നിട്ടും ഉഷാറാകാതെ വ്യാപാരമേഖല. പ്രമുഖ നഗരങ്ങളിലെ മാളുകളിലും ഷോറൂമുകളിലും കയറുന്നവരുടെ എണ്ണം പോലും കുറവായി.
ദീപാവലിക്കു തൊട്ടു മുന്പുള്ള വാരാന്ത്യത്തിൽ ഷോപ്പിംഗിൽ വന്ന ഇടിവ് വ്യാപാരമേഖല പ്രതീക്ഷിച്ചതിനുമപ്പുറമായി. പൊതുവായ സാന്പത്തിക മുരടിപ്പിന്റെ ഫലമാണിതെന്നു വിലയിരുത്തപ്പെടുന്നു.
ഫാഷൻ വസ്ത്രങ്ങൾ, സ്വർണ-രത്ന ആഭരണങ്ങൾ തുടങ്ങിയവയുടെ ഷോറൂമുകളിലും റീട്ടെയിൽ ശൃംഖലകളിലും കയറുന്നവരുടെ മാത്രമല്ല വ്യാപാരം നടത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. കടയിൽ കയറുന്നവരുടെ എണ്ണത്തിൽ 25 ശതമാനം കുറവുണ്ടെന്നാണ് ഒരു അന്താരാഷ്ട്ര ഫാഷൻ റീട്ടെയിലറുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞത്. മറ്റൊരു ഫാഷൻ കന്പനി ഇടപാടുകാരുടെ എണ്ണം പകുതിയായെന്നു പറഞ്ഞു.
ഉത്സവസീസന്റെ ആവേശത്തോടെയല്ല ഇടപാടുകൾ വരുന്നതെന്നാണ് ഒരു റീട്ടെയിൽ ശൃംഖലയുടെ സാരഥി പറഞ്ഞത്. ആവശ്യങ്ങളാണ്, ആഘോഷമനോഭാവമല്ല, വാങ്ങൽ തീരുമാനത്തെ സ്വാധീനിക്കുന്നത്. മാറ്റിവയ്ക്കാവുന്ന ചെലവുകൾ മാറ്റിവയ്ക്കുന്നതുപോലെ തോന്നുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈൻ വ്യാപാരശൃംഖലകളും മുൻ വർഷങ്ങളിലേതുപോലുള്ള വ്യാപാരവർധന റിപ്പോർട്ട് ചെയ്യുന്നില്ല.
സാന്പത്തിക വളർച്ച പ്രതീക്ഷ ഏഴിൽനിന്ന് ആറുശതമാനത്തിനടുത്തേക്ക് റിസർവ് ബാങ്കും ഐഎംഎഫും താഴ്ത്തിയിരുന്നു. വളർച്ചാക്കണക്കിൽ പറയുന്നതിനേക്കാൾ കുറവാണു വ്യാപാരമേഖലയിൽ കാണുന്നതെന്നു നിരീക്ഷകർ കരുതുന്നു.