പരന്പരാഗത ഫർണിച്ചറിന്റെ വിദേശ കയറ്റുമതിക്ക് ഫുമ്മ
Tuesday, November 12, 2019 11:01 PM IST
ആലപ്പുഴ: പരന്പരാഗത ഫർണിച്ചറുകൾ ഉൾപ്പടെയുള്ള ഉത്പന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്കു കയറ്റിയയയ്ക്കാൻ പദ്ധതിയുമായി ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ-ഫുമ്മ. തേക്കിലും ഈട്ടിയിലുമുള്ള ഉത്പന്നങ്ങൾ കൂടാതെ റബർ തടിയുപയോഗിച്ചുള്ള വൈവിധ്യമാർന്ന ഫർണിച്ചറുകളും കേരളത്തിൽനിന്നു കയറ്റിയയ്ക്കാനാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്.
നിലവിൽ ഇന്ത്യ ഫർണിച്ചർ ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ നിർമിക്കുന്ന ഉല്പന്നങ്ങൾ അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലുംകൂടി വിപണനം ചെയ്യാവുന്ന തരത്തിൽ ഫർണിച്ചർ സിറ്റികൾ ഉണ്ടാക്കും. ഇതിൽ ആദ്യത്തേത് ഈറോഡിൽ ആരംഭിച്ചു കഴിഞ്ഞതായും ഫുമ്മ പ്രസിഡന്റ് ടോമി പുലിക്കാട്ടിലും വൈസ്പ്രസിഡന്റുമാരായ എം.എം. മുസ്തഫയും കെ.വി. ജാഫറും അറിയിച്ചു.
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന റബർ തടിയുടെ 70 ശതമാനവും കേരളത്തിൽ നിന്നുള്ളതാണെന്നതിനാൽ തന്നെ ഗുണമേന്മയുള്ള മൂല്യവർധിത ഉല്പന്നങ്ങൾ കയറ്റുമതി ലക്ഷ്യമാക്കി നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഇവിടെ വിറകിനും പാക്കിംഗ് ആവശ്യങ്ങൾക്കുമായാണ് റബർ തടികൾ ഉപയോഗിക്കുന്നത്.