എഫ്സിഐ ഗോഡൗണുകളിൽ രാസകീടനാശിനി പ്രയോഗിക്കരുത്
Wednesday, November 13, 2019 11:58 PM IST
കണ്ണൂർ: എഫ്സിഐ ഗോഡൗണുകളിൽ ജൈവ കീടനിയന്ത്രണ സംവിധാനത്തോടെയും രാസവസ്തുക്കളില്ലാതെ ലൈറ്റ് ട്രാപ് ഉപയോഗിച്ചുമുള്ള കീടനശീകരണ രീതി നടപ്പാക്കാൻ കണ്ണൂരിൽ ചേർന്ന എഫ്സിഐയുടെ സംസ്ഥാന ഉപദേശകസമിതി പാദവാർഷികയോഗം ശിപാർശ ചെയ്തു. ഇതുമൂലം രാസകീടനാശി പ്രയോഗം നിയന്ത്രിക്കാൻ സാധിക്കുമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഗ്രീൻ എനർജി-ഗ്രീൻ ഗോഡൗൺ എന്ന എഫ്സിഐയുടെ സ്വപ്നപദ്ധതിയുടെ റിപ്പോർട്ട് തയാറാക്കി കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കാനും ധാരണയായി.
ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം വർധിച്ച സാഹചര്യത്തിൽ പുതിയ ഗോഡൗണുകൾ പണിയേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ചചെയ്തു. കണ്ണൂർ റോയൽ ഒമേഴ്സ് ഹോട്ടലിൽ നടന്ന യോഗത്തിൽ ഉപദേശകസമിതി ചെയർമാൻ കെ.കെ. രാഗേഷ് എംപി അധ്യക്ഷത വഹിച്ചു.
ഭക്ഷ്യധാന്യ വസ്തുക്കളുടെ വിതരണത്തിൽ റെയിൽവേയ്ക്കും എഫ്സിഐക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മിറ്റിക്ക് ഒരുപരിധിവരെ കഴിഞ്ഞിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ജില്ലകൾതോറും എഫ്സിഐ, സിവിൽ സപ്ലൈസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെമിനാറുകൾ ഉൾപ്പെടെയുള്ള പരിപാടികൾ നടത്തണമെന്ന് യോഗം നിർദേശിച്ചു. യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഫ്സിഐ ജനറൽ മാനേജർ ജി. നരസിംഹരാജു, കണ്ണൂർ ഏരിയ മാനേജർ വസന്ത്, എഫ്സിഐ, സിവിൽ സപ്ലൈസ്, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.