ഇന്ത്യ റബർ മീറ്റ് തമിഴ്നാട്ടിലെ മാമല്ലപുരത്ത്
Thursday, November 21, 2019 11:45 PM IST
കോട്ടയം: ഇന്ത്യ റബർ മീറ്റ് 2020 (ഐആർഎം 2020) ഫെബ്രുവരി 28, 29 തീയതികളിൽ തമിഴ്നാട് മാമല്ലപുരത്തു റാഡിസണ്‍ ബ്ലു റിസോർട്ട് ടെന്പിൾ ബേയിൽ നടക്കും. റബർമേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന സമ്മേളനമാണിത്.
കർഷകർ, വ്യാപാരികൾ, ഉത്പന്ന നിർമാതാക്കൾ, നയരൂപകർത്താക്കൾ, കാർഷികോദ്യോഗസ്ഥർ, സാന്പത്തികവിദഗ്ധർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ റബർ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവരുടെയും പങ്കാളിത്തത്തോടെയാണു സമ്മേളനം. മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാനും നടപടി കണ്ടെത്താനും സമ്മേളനത്തിൽ അവസരമുണ്ടാകും. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും കൂടുതൽ ബിസിനസ് അവസരങ്ങൾ ഉണ്ടാക്കാനും സഹായിക്കും.
റബർബോർഡിനെയും റബർ മേഖലയിലെ പ്രമുഖ സംഘടനകളെയും അംഗങ്ങളാക്കി രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യാ റബർ മീറ്റ് ഫോറം (ഐആർഎംഎഫ്) എന്ന സൊസൈറ്റിയാണ് മീറ്റ് സംഘടിപ്പിക്കുന്നത്. ‘റബർ റീസർജൻസ് ത്രൂ ഇന്നവേഷൻ’ എന്നതായിരിക്കും ഐആർഎം 2020ന്റെ വിഷയം. റബർബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.എൻ. രാഘവൻ ചെയർമാനായി സംഘടിപ്പിച്ചിട്ടുള്ള ഓർഗനൈസിംഗ് കമ്മിറ്റിയാണ് നടത്തിപ്പിനു നേതൃത്വം നൽകുന്നത്.