ദിവാൻ ഹൗസിംഗ് ഫിനാൻസ് പാപ്പർ നടപടികളിലേക്ക്
Friday, November 29, 2019 11:36 PM IST
മുംബൈ: ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപറേഷനെ (ഡിഎച്ച്എഫ്എൽ) പാപ്പർ നടപടികളിലേക്ക് റിസർവ് ബാങ്ക് അയച്ചു. പാപ്പർ നിയമപ്രകാരമുള്ള നടപടികളിലേക്ക് ആദ്യം പോകുന്ന ഹൗസിംഗ് ഫിനാൻസ് കന്പനിയാണു ഡിഎച്ച്എഫ്എൽ.
ദേശീയ കന്പനി നിയമ ട്രൈബ്യൂണലിൽ പാപ്പർ അപേക്ഷ പരിഗണിക്കുന്നതു വരെ ഡിഎച്ച്എഫ്എൽ ഇടപാടുകൾക്കു മോറട്ടോറിയം ഏർപ്പെടുത്തി. 84,000 കോടി രൂപയാണു ദിവാൻ ഹൗസിംഗ് ബാങ്കുകൾക്കും നാഷണൽ ഹൗസിംഗ് ബാങ്കിനും മ്യൂച്വൽ ഫണ്ടുകൾക്കും മറ്റുമായി നല്കാനുള്ളത്. കന്പനി നല്കിയ വായ്പകൾ 95,615 കോടി രൂപ വരും.
രാജേഷ് കുമാർ വാധവാൻ 1984-ൽ തുടക്കമിട്ട കന്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കപിൽ വാധവാനെ റിസർവ് ബാങ്ക് ഏതാനുമാഴ്ച മുന്പ് നീക്കം ചെയ്തു. ഡയറക്ടർ ബോർഡിനെയും പിരിച്ചുവിട്ടു. കന്പനിയുടെ അഡ്മിനിസ്ട്രേറ്റർ ആയി ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ മുൻ എംഡി ആർ. സുബ്രഹ്മണ്യകുമാറിനെ റിസർവ് ബാങ്ക് നിയോഗിച്ചു. കന്പനിയുടെ 39 ശതമാനം ഓഹരി വാധവാൻ കുടുംബത്തിന്റെ കൈയിലാണ്.
വാധവാൻ കുടുംബം കന്പനിയുടെ പണം സ്വന്തം ബിസിനസുകളിലേക്കും മറ്റും വകമാറ്റി എന്ന ആക്ഷേപം ഒരു വർഷമായി ഉയരുന്നുണ്ട്. ബാങ്കുകളിൽനിന്നു ലഭിച്ച 31,000 കോടി രൂപ സ്വന്തം കടലാസ് കന്പനികളിലേക്കു മാറ്റിയെന്നു കോബ്രാ പോസ്റ്റ് എന്ന വെബ്സൈറ്റ് ആരോപിച്ചിരുന്നു. കന്പനി ഇതു നിഷേധിച്ചെങ്കിലും ദിവാൻ ഹൗസിംഗ് കുഴപ്പത്തിലായി. ജൂണിൽ കന്പനി വായ്പ തിരിച്ചടവ് മുടക്കി.
ദിവാൻ ഹൗസിംഗിനു നല്കിയ വായ്പയുടെ പകുതി ഓഹരിയാക്കി മാറ്റുന്ന ഒരു പരിഹാര ഫോർമുല ബാങ്കുകളും മറ്റും ചർച്ച ചെയ്തിരുന്നു. കന്പനി നല്കിയ വായ്പകളിൽ എത്രമാത്രം തിരിച്ചുകിട്ടും എന്ന വിശദപഠനത്തിനു ശേഷമേ ഈ ഫോർമുല സ്വീകരിക്കാനാകൂ.
ബാങ്കുകൾ വലിയ നഷ്ടം സഹിക്കേണ്ട സാഹചര്യമുണ്ടായാൽ ധനകാര്യമേഖലയിൽ പുതിയ പ്രതിസന്ധി ഉടലെടുക്കും. വേറേ കുറേ ബാങ്കിതര ധനകാര്യ കന്പനികളും പണം തിരിച്ചടയ്ക്കാനാകാത്ത സ്ഥിതിയിൽ ഉണ്ട്.