ഓഹരിവിപണി ഇടിവോടെ തുടക്കം
Wednesday, April 1, 2020 11:19 PM IST
മുംബൈ: പുതിയ സാന്പത്തികവർഷത്തിന്റെ ആദ്യദിവസം ഓഹരിവിപണി താഴോട്ടാണു പോയത്. കോവിഡ് മഹാമാരി വരുത്തുന്ന മാന്ദ്യം സംബന്ധിച്ച ആശങ്കതന്നെ കാരണം.
വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽനിന്നുള്ള പിന്മാറ്റം തുടരുകതന്നെയാണ്. ഓഹരികളിലും കടപ്പത്രങ്ങളിലുംനിന്ന് മൊത്തം 1,12,000 കോടി ഡോളറാണു മാർച്ചിൽ അവർ പിൻവലിച്ചത്. ജനുവരി ആദ്യം വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കൈവശം 33 ലക്ഷം കോടി രൂപയുടെ ഓഹരികൾ ഉണ്ടായിരുന്നു. മാർച്ച് പകുതിയോടെ അത് 25.52 ലക്ഷം കോടി രൂപയുടേതായി കുറഞ്ഞു. പിന്നിടുള്ള രണ്ടാഴ്ചയിലും വലിയ തോതിൽ അവർ വിറ്റൊഴിഞ്ഞു.
ഈ മാർച്ചിലെ വിദേശികളുടെ വിറ്റൊഴിയൽ 2008 വർഷം മുഴുവനുംകൂടി അവർ വിറ്റൊഴിഞ്ഞ തുകയിലും കൂടുതൽ വരും.
സെൻസെക്സ് ഇന്നലെ 1203.18 പോയിന്റ് (4.08 ശതമാനം) താണ് 28265.31 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 343.95 പോയിന്റ് (3.89 ശതമാനം) താണ് 8253.8 ൽ ക്ലോസ് ചെയ്തു.
ഏഷ്യൻ സൂചികകൾ ഇന്നലെ ശരാശരി മൂന്നു ശതമാനം താണു. യൂറോപ്യൻ വ്യാപാരവും താഴ്ചയിലാണു തുടങ്ങിയത്. അമേരിക്കൻ സൂചികകളുടെ അവധി വ്യാപാരത്തിലും ഇടിവാണ്.