ഫ്യൂച്ചർഗ്രൂപ്പിനും വിലപറഞ്ഞ് അംബാനി
Wednesday, July 29, 2020 12:26 AM IST
മുംബൈ: കിഷോർ ബിയാനി സാരഥ്യം വഹിക്കുന്ന ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചില്ലറ വ്യാപാര ശൃംഖല മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. 24000 കോടി രൂപമുതൽ 27000 കോടി രൂപവരെ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന ഏറ്റെടുക്കൽ അധികം വൈകാതെ പ്രഖ്യാപിക്കപ്പെടുമെന്നാണ് അറിയുന്നത്.
ഏറ്റെടുക്കൽ യാഥാർഥ്യമായാൽ ഫ്യൂച്ചർഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റ് ശൃംഖലയായ ബിഗ് ബസാർ, ഫാഷൻ വിഭാഗത്തിലെ ബ്രാൻഡ് ഫാക്ടറി, ഫുഡ് ബസാർ,നീൽ ഗിരീസ്, ഹെറിറ്റേജ് ഫുഡ്സ്, വസ്ത്ര ബ്രാൻഡ് ലീ കൂപ്പർ തുടങ്ങിയവ റിലയൻസിനു സ്വന്തമാകും. അതേസമയം ഏറ്റെടുക്കൽ സംബന്ധിച്ച് ഇരു കന്പനികളും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ഗ്രൂപ്പിന്റെ കടബാധ്യതകളും ഉൾപ്പെടുത്തിയാകും റിലയൻസിന്റെ ഏറ്റെടുക്കൽ.ഫ്യൂച്ചർ ഗ്രൂപ്പ് സാന്പത്തിക പ്രതിസന്ധിയിലാണെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ലിസ്റ്റഡ് കന്പനികളുടെ ആകെ കടം 12770 കോടി രൂപയായി വർധിച്ചിരുന്നു. അടുത്തിടെയുണ്ടായ കോവിഡ് വ്യാപനത്തെത്തുടർന്ന് ഭൂരിഭാഗം യൂണിറ്റുകളും അടച്ചിടേണ്ടിവന്നതും ഫ്യൂച്ചർഗ്രൂപ്പിനു തിരിച്ചടിയായിട്ടുണ്ട്.
ഫ്യൂച്ചർ റീട്ടെയ്ൽ ലിമിറ്റഡ്, ഫ്യൂച്ചർ കണ്സ്യൂമർ, ഫ്യൂച്ചർ ലൈഫ്സ്റ്റൈൽസ് ഫാഷൻ, ഫ്യൂച്ചർ സപ്ലെ ചെയിൻ, ഫ്യൂച്ചർ മാർക്കറ്റ് നെറ്റ് വർക്സ്, എന്നീ അഞ്ചു കന്പനികളും ഫ്യൂച്ചർ എന്റർപ്രൈസസിൽ ലയിപ്പിച്ച ശേഷമാകും ഏറ്റെടുക്കൽ നടപടിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 6700 നഗരങ്ങളിലായി 12000 കടകൾ ഉൾപ്പെടുന്നതാണ് നിലവിൽ റിലയൻസിന്റെ റീട്ടെയൽ ശൃംഖല.
ഫ്യൂച്ചർഗ്രൂപ്പിന്റെ റീട്ടെയ്ൽ ബിസിനസ് കൂടി കൈയിലാകുന്നതോടെ എതിരാളികളെ നിഷ്പ്രഭരാക്കുന്ന വിപണി പങ്കാളിത്തത്തിലേക്ക് റിലയൻസ് ഉയരുമെന്നാണു വിലയിരുത്തൽ.