ജിഎസ്ടി: ആംനസ്റ്റി പദ്ധതി സെപ്റ്റംബർ 30 വരെ നീട്ടി
Thursday, July 30, 2020 11:58 PM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ലോക്ക് ഡൗണ്‍ സാഹചര്യങ്ങൾ പരിഗണിച്ചു സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ആംനസ്റ്റി പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി.
കോവിഡ്-19നെ തുടർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക് ഡൗണ്‍ കണ്ടെയ്ൻമെന്റ് സോണ്‍ സാഹചര്യം നിലനിൽക്കുന്നതിനാൽ ആംനസ്റ്റി പദ്ധതിയിൽ അപേക്ഷിക്കാൻ തടസം നേരിടുന്നതായുള്ള വ്യാപാരികളുടെ പരാതി പരിഗണിച്ചാണ് ആംനസ്റ്റി പദ്ധതിയിലേക്ക് അപേക്ഷിക്കുവാനുള്ള തീയതി ദീർഘിപ്പിച്ചത്. കേരള മൂല്യ വർധിത നികുതി, കേന്ദ്ര വില്പന നികുതി, ആഡംബര നികുതി, കാർഷികാദായ നികുതി, കേരള പൊതു വില്പന നികുതി, സർചാർജ്, എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശികകൾക്കു ഈ പദ്ധതി ബാധകമാണ്. ഈ പദ്ധതി സ്വീകരിക്കുന്നതിലേക്കായി നികുതി കുടിശികയുള്ള വ്യാപാരികൾ നികുതി വകുപ്പിന്റെ വെബ്സൈറ്റായ www.keralataxes .gov. in സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. അതിനു ശേഷം നികുതി കുടിശികയുള്ള വ്യാപാരികൾക്കു പ്രസ്തുത വെബ്സൈറ്റ് ലോഗിൻ ചെയ്താൽ അവരുടെ താല്‍ക്കാലികമായി തിട്ടപ്പെടുത്തിയ കുടിശിക വിവരങ്ങൾ കാണാം. കുടിശിക വിവരങ്ങൾ ശരിയാണെങ്കിൽ ഓപ്ഷൻ സമർപ്പിക്കാവുന്നതാണ്. പ്രസ്തുത കുടിശികയെക്കാൾ കൂടുതൽ കുടിശിക നിലിലുണ്ടെങ്കിലോ കാണിച്ചിരിക്കുന്നതിനേക്കാൾ കുറവുണ്ടെങ്കിലോ കുടിശിക വിവരങ്ങൾ സ്വയം തിട്ടപ്പെടുത്തി എഡിറ്റ് ചെയ്ത് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
പ്രസ്തുത ഓപ്ഷൻ നികുതി നിർണയ അധികാരി പരിശോധിച്ചു അംഗീകരിച്ച ശേഷം ഓണ്‍ലൈനായി കുടിശിക ഒടുക്കാവുന്നതാണ്. കുടിശികകൾ 2021 മാർച്ച് 31നു മുന്‍പ് അടച്ചു തീർക്കണം. പുതുതായി ഡിമാൻഡ് നോട്ടീസ് ലഭിക്കുന്ന വ്യാപാരികൾ നോട്ടീസ് ലഭിച്ച 30 ദിവസത്തിനു ഉള്ളിൽ ഓപ്ഷൻ സമർപ്പിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.