പൊടിപൊടിച്ച് ഉത്സവകാല വിൽപന
Sunday, November 29, 2020 12:14 AM IST
മുംബൈ: രാജ്യത്ത് വിവിധ ഇ-കൊമേഴ്സ് കന്പനികളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ നടന്ന ഉത്സവ കാല ഷോപ്പിംഗിൽ വിറ്റഴിച്ചത് 830 കോടി ഡോളറിന്റ സാമഗ്രികൾ. മുൻ വർഷം ഇതേ കാലയളവിൽ നടന്ന 500 കോടി ഡോളറിന്റെ വിൽപനയേക്കാൾ 65 ശതമാനം അധികമാണിതെന്നും വിപണി വിശകലന സ്ഥാപനമായ റെഡ് സീർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് വ്യാപനം പരിഗണിച്ച് മാളുകളിലെ ഷോപ്പിംഗും യാത്രകളും ആളുകൾ ഒഴിവാക്കിയതാണ് ഉത്സവകാല വില്പന പെരുകാൻ കാരണം. ഫ്ലിപ്കാർട്ട് ഗ്രൂപ്പും(മിന്ത്ര ഉൾപ്പെടെ) ആമസോണുമാണ് വില്പനയുടെ 88 ശതമാനവും കൈയാളിയത്. ഏറ്റവും കൂടുതൽ വിറ്റത് മൊബൈൽ ഫോണുകളാണ്; 46 ശതമാനം.
അതേസമയം പൊതുപരിപാടികളും യാത്രകളും കുറവായതിൽ ഫാഷൻ- വസ്ത്ര വിഭാഗത്തിലെ വിൽപന 13 ശതമാനമായി ചുരുങ്ങി. മുൻവർഷം ഇത് 16 ശതമാനമായിരുന്നു. എന്നാൽ വീട്ടുപകരണങ്ങളുടെയും മറ്റും വിൽപനയിൽ മുൻവർഷത്തെ അപേക്ഷിച്ച് വർധനയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.