കേന്ദ്രമന്ത്രി വെട്ടിൽ; ഐഎംഎ വിശദീകരണം തേടി
Tuesday, February 23, 2021 12:01 AM IST
ന്യൂഡൽഹി: രാജ്യത്ത് കോടികൾ മുടക്കി കോവിഡ് വാക്സിനേഷൻ നടക്കുന്പോൾ പച്ചക്കള്ളം പറഞ്ഞ് പതഞ്ജലിയുടെ കോവിഡ് മരുന്ന് പുറത്തിക്കിയ വേദിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പങ്കെടുത്തതിൽ വിശദീകരണം തേടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേന്ദ്രആരോഗ്യ മന്ത്രി പങ്കെടുത്ത ചടങ്ങിലാണ് കോവിഡിനെതിരേ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആദ്യമായി കണ്ടെത്തിയ മരുന്നാണെന്ന അവകാശവുമായി പതഞ്ജലിയുടെ കൊറോണിൽ ബാബ രാംദേവ് അവതരിപ്പിച്ചത്.
വ്യാജ അവകാശവാദങ്ങളോടെ അശാസ്ത്രീയമായ മരുന്നിന്റെ പ്രചാരണത്തിന് ഡോക്ടർ കൂടിയായ കേന്ദ്രമന്ത്രിക്ക് എങ്ങനെ പങ്കെടുക്കാൻ കഴിഞ്ഞുവെന്നാണ് ഐഎംഎയുടെ ചോദ്യം. മന്ത്രി രാജ്യത്തിനു വിശദീകരണം നൽകണം. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം മരുന്നിനുണ്ടെന്ന പതഞ്ജലിയുടെ അവകാശവാദം നിഷേധിക്കപ്പെട്ടതു ജനങ്ങളുടെ മുഖത്തേറ്റ അടിയാണെന്നും ഐഎംഎ പറഞ്ഞു.
കേന്ദ്ര മന്ത്രിമാരായ ഹർഷവർധന്റെയും നിതിൻ ഗഡ്കരിയുടെയും സാന്നിധ്യത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച കൊറോണിൽ അവതരിപ്പിച്ചത്.
സർട്ടിഫിക്കറ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽ പ്രൊഡക്ടിന്റെയും (സിഒഒപി) ലോകാരോഗ്യ സംഘടനയുടെ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസിന്റെയും (ജിഎംപി) അംഗീകാരം കൊറോണിലിന് ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.
കോവിഡ് ചികിത്സയ്ക്കായി ഒരുതരത്തിലുള്ള പാരന്പര്യ ചികിത്സാവിധിക്കോ മരുന്നിനോ അംഗീകാരം നൽകിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന ഞായറാഴ്ച വ്യക്തമാക്കിയത്. അതേസമയം, ലോകാരോഗ്യ സംഘടനയുടെ അംഗീകാര സർട്ടിഫിക്കറ്റുകൾ നൽകിയത് ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ ആണെന്നാണ് പതഞ്ജലി ആയുർവേദയുടെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ ട്വിറ്ററിൽ വിശദീകരിക്കുന്നത്.
കോവിഡിനെ പ്രതിരോധിക്കുമെന്ന അവകാശവാദവുമായി ബാബ രാംദേവ് കഴിഞ്ഞവർഷം പുറത്തിറക്കിയ കൊറോണിലിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതോടെ, കൊറോണിൽ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മരുന്നായി മാത്രമേ വിൽക്കാവൂ എന്നു കേന്ദ്ര ആയുഷ് മന്ത്രാലയം നിർദേശിക്കുകയായിരുന്നു.
സെബി മാത്യു