ലീഡ് ലസ് പേസ്മേക്കര്‍ വിജയകരമാക്കി ആസ്റ്റര്‍ മെഡ്സിറ്റി
Tuesday, April 13, 2021 10:07 PM IST
കൊച്ചി: രാജ്യത്ത് ആദ്യമായി സിങ്ക്രണൈസ്ഡ് ലീഡ് ലസ് പേസ്മേക്കര്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകംതന്നെ അത് രോഗിയിൽ ഘടിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടര്‍മാര്‍. കയ്പമംഗലം സ്വദേശി അറുപത്തിമൂന്നുകാരനായ ദിവാകരനിലാണ് അത്യാധുനിക മൈക്ര എ-വി ലീഡ് ലസ് പേസ്മേക്കര്‍ ശസ്ത്രക്രിയ കൂടാതെ ഘടിപ്പിച്ചത്.
സാധാരണ ആഞ്ജിയോഗ്രാഫിക് സമാനമായ പ്രക്രിയയിലൂടെയാണു ലീഡ് ലസ് പേസ്മേക്കര്‍ രോഗിയുടെ ഹൃദയത്തില്‍ ഘടിപ്പിച്ചതെന്ന് ആസ്റ്റര്‍ മെഡ്സിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഡോ. അനില്‍കുമാര്‍ അറിയിച്ചു. സാധാരണ പേസ്മേക്കര്‍ ഹൃദയത്തിലെ താഴത്തെ അറയില്‍ മാത്രമേ മിടിപ്പുണ്ടാക്കുകയുള്ളൂ. ലീഡ് ലസ് പേസ്മേക്കര്‍ ഹൃദയത്തിനകത്ത് ഘടിപ്പിക്കുന്നത് കാരണം മുകളിലത്തെയും താഴത്തെയും അറകളില്‍ മിടിപ്പുണ്ടാകും. 45 മിനിറ്റെടുത്ത പ്രക്രിയയ്ക്കുശേഷം രോഗി ഊര്‍ജസ്വലത കൈവരിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ നടക്കുകയും ചെയ്തുവെന്നു കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് ഇലക്ട്രോ ഫിസിയോളജിസ്റ്റ് ഡോ. പ്രവീണ്‍ ശ്രീകുമാര്‍ അറിയിച്ചു.