മണപ്പുറം ഫിനാന്‍സിന് 1,724.95 കോടി രൂപ അറ്റാദായം
Wednesday, May 26, 2021 11:54 PM IST
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് 2020-21 സാമ്പത്തിക വര്‍ഷത്തിൽ 1,724.95 കോടി രൂപയുടെ അറ്റാദായം.
16.53 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയാണു കന്പനി ഏറ്റവും മികച്ച അറ്റാദായത്തിലേക്ക് എത്തിയത്. സാന്പത്തിക വർഷത്തിന്റെ നാലാം പാദത്തില്‍ 468.35 കോടി രൂപയുടെ അറ്റാദായവും സ്വന്തമാക്കി.
15.83 ശതമാനത്തിന്റെ വാര്‍ഷിക വർധന രേഖപ്പെടുത്തിക്കൊണ്ട് കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 6,330.55 കോടി രൂപയിലെത്തി. നികുതി ഉള്‍പ്പെടെയുള്ള വരുമാനം 2,316.03 കോടി രൂപയായും ഉയര്‍ന്നു.
രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍ ഇടക്കാല ഡിവിഡന്റ് വിതരണം ചെയ്യാനും വലപ്പാട് ചേര്‍ന്ന കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.
ഗ്രൂപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും ആകെ ആസ്തി 7.92 ശതമാനം വര്‍ധിച്ച് 27,224.22 കോടി രൂപയിലെത്തി. 12.44 ശതമാനത്തിന്റെ വര്‍ധനയോടെ 19,077.05 കോടി രൂപയിലെത്തിയ സ്വര്‍ണ വായ്പാ വിതരണത്തിലെ വളര്‍ച്ചയുടെ പിന്‍ബലത്തിലാണ് ഈ ആസ്തി വര്‍ധന. 2020-21 സാന്പത്തിക വർഷം 2,93,833.15 കോടി രൂപയുടെ സ്വര്‍ണ വായ്പകള്‍ വിതരണം ചെയ്തു. മുന്‍ വര്‍ഷം ഇത് 1,68,909.23 കോടി രൂപ ആയിരുന്നു.