വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ലാഭത്തില്‍ 112 ശതമാനം വര്‍ധന
Wednesday, May 26, 2021 11:54 PM IST
കൊച്ചി: പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 68.39 കോടി രൂപ അറ്റാദായം നേടി. 112 ശതമാനമാണ് വര്‍ധന. മുന്‍വര്‍ഷം ഇതേകാലയളവില്‍ 32.23 കോടി രൂപയായിരുന്നു ഇത്. മൊത്ത വരുമാനം 58 ശതമാനം വര്‍ധിച്ച് 855.20 കോടിയായി. മുന്‍ വര്‍ഷം ഇത് 541.14 കോടി രൂപയായിരുന്നു.
ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും വളര്‍ച്ച രേഖപ്പെടുത്തി. 2020-21 സാമ്പത്തിക വര്‍ഷം 201.89 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ 188.25 കോടി രൂപയെ അപേക്ഷിച്ച് 7.2 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. പ്രതി ഓഹരിക്ക് 1.20 രൂപ വീതം ഡിവിഡന്റ് നല്‍കാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.