വാക്സിൻ ഡ്രോണിൽ എത്തിക്കാൻ കേന്ദ്രസർക്കാർ
Monday, June 14, 2021 11:29 PM IST
മുംബൈ: കോവിഡ് വാകിസിനും മറ്റു ജീവൻ രക്ഷാ മരുന്നുകളും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡ്രോണുകളിലെത്തിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വിവിധ ഏജൻസികളിൽനിന്നു താത്പര്യപത്രം ക്ഷണിച്ചു. 35 കിലോമീറ്റർ ദൂരത്തിലേറെ സഞ്ചരിക്കാൻ കഴിവുള്ളതും നാലു കിലോഗ്രാമിലേറെ ഭാരമുള്ള വസ്തുക്കൾ സംവഹിക്കാൻ ശേഷിയുള്ളതുമായ ഡ്രോണുകൾ കൈവശമുള്ളവർക്കാണ് ലേലത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളത്.
ആദ്യ ഘട്ടത്തിൽ 90 ദിവസത്തേക്കാകും കരാർ നല്‍കുക. പ്രവർത്തനത്തിൽ മികവ് തെളിയിച്ചാൽ കൂടുതൽ ദിവസത്തേക്കു പ്രവർത്തനാനുമതി നൽകും.
ഐസിഎംആറും ഐഐടി കാണ്‍പൂരും സംയുക്തമായാണ് ഡ്രോണുകളിലൂടെയുള്ള വാക്സിൻ വിതരണത്തിന്റെ സാധ്യതകൾ പഠിച്ച് മാർഗരേഖ തയ്യാറാക്കിയത്.
റോഡ് മാർഗത്തിലൂടെ സുഗമമായി എത്താനാകാത്തതും വാക്സിൻ സംഭരണശേഷിയില്ലാത്തതുമായ സ്ഥലങ്ങളിലാകും വാക്സിൻ വിതരണത്തിന് ഡ്രോണുകളെ ഉപയോഗിക്കുക.