പുതിയ ആരോഗ്യ ഇൻഷ്വറൻസ് പോളിസിയുമായി എൽഐസി
Wednesday, July 21, 2021 12:06 AM IST
കോട്ടയം: എൽഐസിയുടെ പുതിയ ആരോഗ്യ ഇൻഷ്വറൻസ് പോളിസി വിപണനം ആരംഭിച്ചു. കുടുംബാംഗങ്ങൾക്കെല്ലാം പോളിസിയിൽ അംഗമാകാം. മുതിർന്ന വ്യക്തികൾക്ക് 80 വയസ് വരെയും കുട്ടികൾക്ക് 25 വയസ് വരെയും പോളിസിയിലൂടെ ആരോഗ്യ ഇൻഷ്വറൻസ് സംരക്ഷണം ലഭിക്കുന്നു.
പോളിസി ക്ലെയിം ഇല്ലാത്ത ഓരോ മൂന്നു വർഷത്തിനും കാഷ് ബെനിഫിറ്റിന്റെ അഞ്ചു ശതമാനം വീതം, നോ ക്ലെയിം ബെനിഫിറ്റ് ആനുകൂല്യവും ഉണ്ടായിരിക്കും. പോളിസിയിൽ ഉൾപ്പെടുത്തിയ 263 പ്രധാന സർജറികൾക്ക്, പ്രതിദിന ആനുകൂല്യത്തിന്റെ നൂറു മടങ്ങുവരെ പരിരക്ഷയുണ്ട്.
പോളിസി അംഗങ്ങളായ കുടുംബനാഥന്, മരണം സംഭവിച്ചാൽ തുടർന്നുള്ള പ്രീമിയം ഒഴിവാക്കി നൽകുകയും പോളിസിയിലെ മറ്റ് അംഗങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ തുടർന്നു ലഭിക്കുകയും ചെയ്യുന്നു. അംഗമാകുന്ന എല്ലാ വ്യക്തികൾക്കും, മൂന്നു വർഷത്തിൽ ഒരു തവണ, ഹെൽത്ത് ചെക്കപ്പിനുള്ള ആനുകൂല്യങ്ങളും പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അടയ്ക്കുന്ന പ്രീമിയം തുകയ്ക്ക്, ആദായനികുതി സെക്ഷൻ 80 ഡി അനുസരിച്ച് ഇളവു ലഭിക്കും.
കോട്ടയം ബ്രാഞ്ച് നന്പർ രണ്ട് ബ്രാഞ്ചിൽ സീനിയർ ഡിവിഷണൽ മാനേജർ വി.എസ്.മധു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.