ലാഭക്കൊതിയിൽപ്പെട്ട് ഓഹരികൾ
Sunday, September 19, 2021 11:13 PM IST
ഓഹരി അവലോകനം/സോണിയ ഭാനു
ഇടപാടുകാരെ മോഹിപ്പിച്ച് ബോംബെ സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരംകുറിച്ചതിനൊപ്പം വിദേശഫണ്ടുകൾ വാങ്ങലുകാരായി. വിപണിയിലെ റിക്കാർഡ് തിളക്കത്തിനിടയിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിൽപ്പനയിലേക്കു തിരിഞ്ഞിട്ടും സെൻസെക്സ് 710 പോയിന്റും നിഫ്റ്റി 215 പോയിന്റും വർധിച്ച് വിപണിയുടെഅടിത്തറകൂടുതൽ ശക്തമാക്കി.
നിഫ്റ്റി വർധിച്ച ആവേശത്തിലായിരുന്നു. പുതിയ സാഹചര്യത്തിൽ 17,818 വിപണിക്ക് പ്രതിരോധമേഖലയാവും. അതായത് 17,800 റേഞ്ചിൽ പുതിയ ഷോട്ട് പൊസിഷനുകൾ ഉടലെടുക്കാനുള്ള സാധ്യതകൾ വാങ്ങലുകാരെ അൽപ്പം പിൻതിരിപ്പിക്കാനോ, ലാഭമെടുപ്പിനോ പ്രേരിപ്പിക്കാം.
17,500‐17,433 റേഞ്ചിലെ സപ്പോർട്ട് ഈ വാരം നിലനിർത്തിയാൽ 17,793ലെ ആദ്യപ്രതിരോധം തകർത്ത് നിഫ്റ്റി 18,051 ലേയ്ക്കു ചുവടുവയ്ക്കാം. വിൽപ്പന സമ്മർദമുണ്ടായാൽ 17,325‐17,065ൽ താങ്ങുണ്ട്.
നിഫ്റ്റിയുടെമറ്റ് സാങ്കേതികചലനങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രൻഡ് , പാരാബോളിക്ക് എസ്എആർ എന്നിവ ബുള്ളിഷാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോസ്റ്റോക്കാസ്റ്റിക്ക് എന്നിവ ഓവർ ബോട്ടാണ്. അതേസമയം സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ ന്യൂട്ടറൽ റേഞ്ചിലേയ്ക്ക് നീങ്ങി.
ബിഎസ്ഇ സൂചിക 58,305 പോയിന്റിൽനിന്നു 58,553ലെ റിക്കാർഡ് തകർത്ത് പുതിയ ഉയരമായ 59,737.32 പോയിന്റിലെത്തി ചരിത്രം സൃഷ്ടിച്ചു.
ഈ വാരം ആദ്യപകുതിയിൽ 58,127‐59,820 ടാർജറ്റിൽ സെൻസെക്സ് സഞ്ചരിക്കാം. ഇതിനു പുറത്തുകടന്നാൽ 60,625വരെ മുന്നേറാനുള്ള കരുത്ത് വിപണിക്ക് കണ്ടെത്താനാവും. അതേസമയം, 58,127 ലെ താങ്ങു നഷ്ടപ്പെട്ടാൽ 57,239വരെ സാങ്കേതിക പരീക്ഷണം നടത്താം.
ഈ മാസം വിദേശ ഓപ്പറേറ്റർമാർ 7200 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സെപ്റ്റംബറിലെ ഫണ്ട് പ്രവാഹം കണക്കിലെടുത്താൽ ദീപാവലിക്കു മുന്നോടിയായി മഹാനവമി‐വിജയദശമിവേളയിൽ വിപണിയിൽ വെടിക്കെട്ടിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെമൂല്യം73.52ൽനിന്നു 73.36 ലേയ്ക്കു ശക്തി പ്രാപിച്ചെങ്കിലും വാരാന്ത്യം രൂപ 73.69 ലാണ്.
ആറു പ്രമുഖനാണയങ്ങൾക്ക് മുന്നിൽ ഡോളറിന്റെ മൂല്യം ഉയരുന്നതിന്റെ സൂചനായായി സൂചിക 92.65 ൽ നിന്നു 93.22 ലേയ്ക്ക് കയറി.