ജിഎസ്ടിയിൽ അഴിച്ചുപണി വരുന്നു
Saturday, November 20, 2021 11:07 PM IST
മുംബൈ: രാജ്യത്തെ ചരക്കുസേവന നികുതി(ജിഎസ്ടി) സംവിധാനത്തിൽ വൻ അഴിച്ചുപണി വരുന്നു. ജിഎസ്ടി സംവിധാനം നടപ്പിലാക്കിയിട്ട് അടുത്ത വർഷം ജൂലൈയിൽ അഞ്ചുവർഷം തികയുന്ന സാഹചര്യത്തിലാണിത്. നികുതി സ്ലാബുകളുടെ എണ്ണം കുറയ്ക്കുന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങളാണ് അണിയറയിലൊരുങ്ങുന്നത്.
അഞ്ചു ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നീ നിലവിലുള്ള നാലു സ്ലാബുകൾക്കു പകരം മൂന്നു സ്ലാബുകൾ കൊണ്ടുവരാനാണ് നീക്കം. നികുതിഘടന ലളിതമാക്കുന്നതിനൊപ്പം വരുമാന വർധനയും ഇതിലൂടെ ലക്ഷ്യമിടുന്നു. കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി, ഇക്കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി ഉടൻ യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ.
ജിഎസ്ടി ഒഴിവാക്കിയിട്ടുള്ള ഇനങ്ങളുടെ പട്ടിക ചുരുക്കാനുള്ള ആലോചനയും നടക്കുന്നതായാണ് വിവരം. നിലവിൽ 150 സാമഗ്രികൾക്കും 80ഓളം സേവനങ്ങൾക്കും ജിഎസ്ടി ഈടാക്കുന്നില്ല. ഈ പട്ടികയിൽനിന്ന് ഏതാനും ഉത്പന്നങ്ങളെയും സേവനങ്ങളെയും ഒഴിവാക്കി കൂടുതൽ ഇനങ്ങൾ ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരാനാണ് പദ്ധതി.
ഇതിലൂടെ വരുമാനം വർധിപ്പിക്കാനും നികുതി നിരക്കുകളിൽ കുറവു വരുത്താനുമാകുമെന്നാണ് വിലയിരുത്തൽ. ജിഎസ്ടി വന്നതോടെയുണ്ടായ നികുതിനഷ്ടം പരിഹരിക്കാനായി സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നല്കുന്നതും അടുത്തവർഷത്തോടെ അവസാനിക്കുകയാണ്.ഇതു സംബന്ധിച്ചും വൈകാതെ തീരുമാനമാകും.