വ്യാപാര്‍ മേളയിൽ 105 കോടിയുടെ വാണിജ്യ ഇടപാടുകള്‍
Sunday, June 19, 2022 12:08 AM IST
കൊച്ചി: വ്യാപാര്‍ 2022ല്‍ 2,417 വ്യാപാര കൂടിക്കാഴ്ചകളിലൂടെ 105 കോടിയുടെ വാണിജ്യ ഇടപാടുകള്‍ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 324 സെല്ലര്‍മാരും 330 ബയര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലെ പ്രദര്‍ശനമേള വേദിയായി.
വ്യാപാര സാധ്യതകള്‍ ഊട്ടിയുറപ്പിക്കുന്നതിനായി അടുത്തയാഴ്ച വെര്‍ച്വല്‍ മീറ്റുകള്‍ സംഘടിപ്പിക്കും. ഏറ്റവുമധികം വ്യാപാര ഇടപാടുകള്‍ നടന്നത് ഭക്ഷ്യസംസ്കരണത്തിലും ആയുര്‍വേദത്തിലുമാണ്.
കൈത്തറി, തുണിത്തരങ്ങള്‍ എന്നിവയാണ് തൊട്ടുപിന്നിൽ. 331 സ്റ്റാളുകളാണ് പ്രദര്‍ശന മേളയില്‍ ഉണ്ടായിരുന്നത്. 324 സെല്ലര്‍മാരില്‍ 15 എണ്ണം സര്‍ക്കാര്‍ ഏജന്‍സികളായിരുന്നു.
ബ്രാന്‍ഡഡ് ആയതും അല്ലാത്തതുമായ നിരവധി എംഎസ്എംഇ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. 331 എക്സിബിഷന് സ്റ്റാളുകളില്‍ 65 എണ്ണവും വനിതാ സംരംഭകരുടേതാണെന്നത് ആഭ്യന്തര ബയേഴ്സിന്റെയും ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള ആഗോള ഇ-കൊമേഴ്സ് ഭീമന്മാരുടെയും ശ്രദ്ധയും അഭിനന്ദനവും നേടി. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ച സമാപനദിനമായ ഇന്നലെ മേളയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.