ടാറ്റാ നെക്സോണ്‍ ഇവിക്കു തീപിടിച്ചു
Friday, June 24, 2022 12:23 AM IST
മുംബൈ: ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക രൂക്ഷമാക്കി രാജ്യത്ത് വൈദ്യുത കാറിൽ തീപിടിച്ച സംഭവവും. വാങ്ങിയിട്ടു രണ്ടു മാസംമാത്രമായ ടാറ്റ നെക്സോണ്‍ ഇവിയിലാണു തീ പടർന്നത്.
ബുധനാഴ്ച വൈകുന്നേരം മുംബൈയിലെ വസായ് വെസ്റ്റിലാണുസംഭവം. ജോലി സ്ഥലത്തുനിന്നു വീട്ടിലേക്കു പോകവേ ആണു കാറിൽ തീപടർന്നത്. അസ്വാഭാവിക ശബ്ദങ്ങളും ഡാഷ്ബോർഡിലെ മുന്നറിയിപ്പുകളും ശ്രദ്ധയിൽപ്പെട്ടതോടെ വാഹന ഉടമയ്ക്കു കാർ നിർത്തി രക്ഷപ്പെടാനായി.
കാറിൽ തീപടരുന്ന വീഡിയോദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഒറ്റപ്പെട്ട സംഭവമാണെന്നും വിശദപരിശോധനയ്ക്കുശേഷം പ്രതികരിക്കാമെന്നും കന്പനി അറിയിച്ചു. രാജ്യത്ത് വൈദ്യുത സ്കൂട്ടറുകളിൽ തീപിടിച്ച സംഭവങ്ങൾ പലതുണ്ടായെങ്കിലും വൈദ്യുത കാറിൽ തീപിടിക്കുന്ന സംഭവം ഇതാദ്യമാണ്.
രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറാണ് നെക്സോണ്‍ ഇവി എന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. പ്രതിമാസം 3000 നെക്സോണ്‍ ഇവി കാറുകളാണ് രാജ്യത്തു വിറ്റുപോകുന്നത്. ഇതുവരെ 30,000ത്തിലേറെ നെക്സോണ്‍ ഇവി കാറുകൾ കന്പനി രാജ്യത്തു വിറ്റിട്ടുമുണ്ട്. നേരത്തെ, രാജ്യത്തിന്റെ പല ഭാഗങ്ങളിൽ വൈദ്യുത സ്കൂട്ടറുകൾക്കു തീപിടിച്ച സംഭവങ്ങളുണ്ടായതിനെത്തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഒല ഇലക്ട്രിക്, പ്യുവർ ഇവി, ജിതേന്ദ്ര ഇവി, ആതർ എനർജി, ഒകിനാവ എന്നീ കന്പനികളുടെ ഇലക്ട്രിക് സ്കൂട്ടറുകളിലാണു തീപിടിച്ചത്.
കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലായി തങ്ങളുടെ 13 കോന വൈദ്യുത കാറുകൾക്കു തീ പിടിച്ചതോടെ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ 2020ൽ രാജ്യത്തു വിറ്റ 456 കോന ഇലക്ട്രിക് കാറുകൾ തിരിച്ചുവിളിച്ചിരുന്നു.