സിഎന്‍ജി വില ഉയരുന്നു; വാഹന ഉടമകള്‍ വെട്ടിലായി
Monday, August 8, 2022 11:53 PM IST
കൊച്ചി: ഡീസലിനും പെട്രോളിനും പിന്നാലെ സിഎന്‍ജി വിലയും കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 87ല്‍നിന്ന് 91 രൂപയായാണ് വർധിച്ചത്. വിലനിയന്ത്രണത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു വർധന. ഒരു വര്‍ഷം മുമ്പ് കിലോയ്ക്ക് 53 രൂപയായിരുന്നു. നാലുമാസത്തിനിടെ വര്‍ധിച്ചത് 16 രൂപ.
ചെലവു കുറഞ്ഞ ഇന്ധന സംവിധാനമെന്ന നിലയില്‍ സിഎന്‍ജി ആശ്രയിച്ച സാധാരണക്കാരായ ഓട്ടോറിക്ഷ തൊഴിലാളികളാണ് വില വര്‍ധനയോടെ കിതച്ചുപോയത്.
എജി. ആന്‍ഡ് പി (അറ്റ്ലാന്റിക്, ഗള്‍ഫ് ആന്‍ഡ് പസഫിക്) കമ്പനി വിതരണം ചെയ്യുന്ന ആലപ്പുഴയിലും അദാനി ഗ്രൂപ്പ് വിതരണം ചെയ്യുന്ന കൊച്ചിയിലും സിഎൻജിക്ക് രണ്ടു വിലയാണ്. ആലപ്പുഴയില്‍ കിലോക്ക് 89 രൂപയും കൊച്ചിയില്‍ 91 രൂപയും. പെട്രോളിന്റെയും ഡീസലിന്റെയും വില അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ നിരവധി ഓട്ടോ- ടാക്സി വാഹനങ്ങള്‍ സിഎന്‍ജി സംവിധാനത്തിലേക്ക് മാറിയിരുന്നു.
കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകളും ഇത്തരത്തില്‍ മാറുകയുണ്ടായി. ഡീസല്‍ ബസുകള്‍ സിഎൻജിയിലേക്ക് മാറ്റുന്നതിനായി അഞ്ചു ലക്ഷം വരെ ചെലവാക്കിയവരുമുണ്ട്. ഇന്ധനവിലയും കോവിഡ് വരുത്തിയ സാമ്പത്തിക നഷ്ടവും മറികടക്കുന്നതിനായിരുന്നു ഈ നീക്കം. വില വര്‍ധിച്ചെങ്കിലും നിലവില്‍ ഇന്ധനക്ഷാമമില്ല.
മൈലേജ് ഉള്ളതിനാലാണ് വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നതെന്ന് ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. എന്നാൽ ഇനിയും വില ഉയര്‍ന്നാല്‍ പിടിച്ചു നില്‍ക്കാനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ഇപ്പോഴത്തെ കുതിപ്പിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
അഞ്ചു മാസം മുമ്പ് 75 രൂപയോളമായിരുന്ന വില ഏപ്രില്‍ മാസത്തോടെ 82 ലും പിന്നീട് 84 ലും എത്തി. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച വരെ 87 രൂപയായിരുന്നു വില.
സംസ്ഥാനത്തെ വാഹനങ്ങളില്‍ ഗെയിലിന്റെ കൊച്ചി മംഗളൂരു എല്‍എന്‍ജി പൈപ്പ്ലൈനില്‍നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.