ക്രെഡായ് സമ്മേളനത്തിന് തുടക്കമായി
Saturday, August 13, 2022 12:49 AM IST
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ക്രെഡായ്) കേരള ഘടകത്തിന്റെ ദ്വിദിന സമ്മേളനത്തിനു കൊച്ചിയില്‍ തുടക്കമായി. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത മാത്രം ആശ്രയിച്ച് ബിസിനസ് നടത്താന്‍ കഴിയില്ലെന്നും പരാധീനതകള്‍ തിരിച്ചറിയുമ്പോള്‍ മാത്രമാണ് ഏതൊരു സംരംഭവും വിജയിപ്പിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
റീട്ടെയിൽ റിയല്‍ എസ്റ്റേറ്റിനു കേരളത്തില്‍ ഡിമാന്‍ഡ് വര്‍ധിക്കുകയാണെന്നു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അനറോക് ഗ്രൂപ്പ് ചെയര്മാന് അനുജ് പുരി പറഞ്ഞു. ക്രെഡായ് കേരള ചെയര്മാന് എം.എ. മെഹബൂബ് അധ്യക്ഷത വഹിച്ചു.
ക്രെഡായ് സ്റ്റേറ്റ് കോണ്‍ ചെയര്മാന് എം.വി. ആന്റണി, ക്രെഡായ് കേരള സെക്രട്ടറി ജനറല്‍ ജോണ്‍ തോമസ് എന്നിവർ പ്രസംഗിച്ചു. തുടര്‍ന്ന് നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക സെഷനുകള്‍ നടന്നു. സമാപനദിവസമായ ഇന്നു വ്യവസായ മന്ത്രി പി. രാജീവ് പങ്കെടുക്കും.