വായ്പയുടെ ചെലവുകള്‍ ഒളിക്കരുത്: റിസർവ് ബാങ്ക്
Thursday, April 18, 2024 1:53 AM IST
മുംബൈ: വായ്പയെടുക്കുന്നവരിൽനിന്ന് ഈടാക്കുന്ന പലവിധ ഫീസുകൾ സംബന്ധിച്ച് ഉപയോക്താക്കളെ മുൻകൂട്ടി കൃത്യമായി അറിയിക്കണമെന്നു ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും റിസർവ് ബാങ്കിന്റെ നിർദേശം. ആർബിഐക്കു കീഴിൽ വരുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഒക്ടോബർ മുതൽ നിർദേശം ബാധകമാണ്.
കീ ഫാക്റ്റ് സ്റ്റേറ്റ്മെന്റ് (കെഎഫ്എസ്) എന്ന രേഖയാണ് ആർബിഐ ഇതിനായി നിർദേശിച്ചിരിക്കുന്നത്. വായ്പ പാസാക്കുന്നതിനു മുന്‍പ് നൽകുന്ന കെഎഫ്എസിലൂടെ, വായ്പാത്തിരിച്ചടവ് സംബന്ധിച്ച പൂർണവിവരങ്ങൾ ഇടപാടുകാരനു ലഭ്യമാകും. ഇടപാടുകാർക്ക് മനസിലാകുംവിധം ലളിതമായ ഭാഷയിലാകണം കെഎഫ്എസ് ലഭ്യമാക്കേണ്ടത്.
വായ്പയ്ക്ക് ഏതൊക്കെ തരം ഫീസുകളുണ്ടെന്നും പലിശയും ഇൻഷ്വറൻസും ലീഗൽ ചാർജുകളും ഉൾപ്പെടെ എത്ര രൂപ തിരിച്ചടവു വരുമെന്നും കെഎഫ്എസ് വഴി ബാങ്ക് ഇടപാടുകാരനെ അറിയിക്കണം.
വായ്പ എടുക്കുന്ന വേളയിലാണ് ഇടപാടുകാരനെ ഇക്കാര്യം അറിയിക്കേണ്ടത്. ഇടപാടുകാരന് ഇതു സ്വീകാര്യമാണെങ്കിൽ മാത്രം വായ്പ അനുവദിച്ചാൽ മതി. വായ്പ അനുവദിച്ചശേഷമാണു പുതിയ ഫീസുകൾ ഏർപ്പെടുത്തുന്നതെങ്കിൽ അതിനും ഇടപാടുകാരന്റെ സമ്മതം തേടണം.
വായ്പകളിൽ പ്രതിവർഷമുള്ള ഫീസുകൾ വ്യക്തമാക്കുന്ന ആന്വൽ പേഴ്സന്റേജ് റേറ്റ് (എപിആർ) കണക്കാക്കുന്ന പ്രത്യേക രേഖയും കെഎഫ്എസിൽ ഉൾപ്പെടുത്തണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
വായ്പ അനുവദിക്കുന്പോൾ പ്രോസസിംഗ് ചാർജ് ബാങ്കുകൾ ഈടാക്കാറുണ്ടെങ്കിലും അത് ഒറ്റത്തവണ മാത്രമാണ്. ചില ബാങ്കുകൾ ഇതിനു പുറമേ പലതവണയായി വേറെയും അധിക ഫീസുകളോ ചാർജുകളോ ഈടാക്കാറുണ്ട്.
ആർബിഐയുടെ പുതിയ നിർദേശം ഒരു പരിധിവരെ ഇതിനു പരിഹാരമായേക്കും. ഡിജിറ്റൽ വായ്പകളും ഇതുവഴി കൂടുതൽ സുതാര്യമാകുമെന്നാണു വിലയിരുത്തൽ.