‘ആശീർവാദ് ഭവനവായ്പ’ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
Monday, May 27, 2024 10:30 PM IST
കൊച്ചി: കുറഞ്ഞ വാർഷികവരുമാനമുള്ള കുടുംബങ്ങൾക്ക് ഉതകുന്ന എസ്ഐബി ആശീർവാദ് ഭവനവായ്പ സ്കീം പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. എസ്ഐബി ആശീർവാദ് സ്കീമിലൂടെ വാർഷികവരുമാനം 4.80 ലക്ഷം രൂപവരെയുള്ള കുടുംബങ്ങൾക്കും കുറഞ്ഞ മാസവരുമാനം 20,000 രൂപയുള്ള വ്യക്തികൾക്കും ഭവനവായ്പ ലഭ്യമാകും.
ആദ്യഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമാണു വായ്പ ലഭ്യമാകുക. 25 വർഷംവരെ ലഭിക്കുന്ന ഭവനവായ്പയുടെ പലിശനിരക്ക് 10 ശതമാനത്തിൽനിന്നാണു തുടങ്ങുന്നത്.
ലക്ഷത്തിന് 909 രൂപയാണു പ്രതിമാസ തിരിച്ചടവ് (ഇഎംഐ). മുൻകൂർചാർജുകൾ ഒന്നുമില്ലാത്ത എസ്ഐബി ആശീർവാദ് ഭവനവായ്പയുടെ നടപടിക്രമങ്ങൾ ഇടപാടുകാർക്കു കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്നു സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു.
സാന്പത്തികമായി പല തട്ടുകളിലുമുള്ള ആളുകളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ എസ്.എസ്. ബിജി പറഞ്ഞു.
തിരിച്ചടവിനുള്ള മതിയായ സമയവും സൗകര്യവുമാണ് വായ്പ ദീർഘകാലത്തേക്ക് അനുവദിക്കുന്നതിലൂടെ ഉറപ്പു വരുത്തുന്നതെന്ന് എസ്.എസ്. ബിജി കൂട്ടിച്ചേർത്തു.