ഇ-ഇൻവോയ്സിനൊപ്പം ഇ-വേ ബിൽ നിബന്ധന ഒഴിവാക്കണം: എകെഡിഎ
Monday, July 22, 2024 2:18 AM IST
കണ്ണൂർ: ഇ-ഇൻവോയ്സിൽ ചരക്കയയ്ക്കുന്പോൾ ഇ-വേ ബിൽ കൂടി വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (എകെഡിഎ) സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
ഇ-വേ ബിൽ സമയപരിധി 200 കിലോമീറ്ററിന് ഒരു ദിവസം എന്നത് 48 മണിക്കൂറായി മാറ്റുക, ഇ-വേ ബിൽ പരിധി 50,000 രൂപയിൽനിന്ന് ഒന്നര ലക്ഷമാക്കി വർധിപ്പിക്കുക എന്നീ കാര്യങ്ങൾ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാരും കന്പനികളും കുത്തക വ്യാപാരികൾക്ക് നൽകിവരുന്ന പ്രോത്സാഹനം നിയന്ത്രിച്ചില്ലെങ്കിൽ രാജ്യം കടുത്ത തൊഴിലില്ലായ്മയിലേക്ക് നീങ്ങുമെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.
കണ്ണൂർ ബ്ലൂ നൈൽ ഹോട്ടലിൽ നടന്ന കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡന്റ് മുജിബുർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബിനു മഞ്ഞളി, ട്രഷറർ വത്സൻ മേനോൻ, രാജൻ തീയറേത്ത്, താജ് ജേക്കബ് അറക്കൽ, മാഹിൻ കോളിക്കര, അഹമ്മദ്, ജയിംസ് ചീരൻ, അമൽ, വിൻസന്റ് ജോൺ, സാം, രമേശ്, കെ.എം. ജോൺ, ജി.പി.നായർ, ഹരി, ശിവദാസ്, രേഖ തോമസ് എന്നിവർ പ്രസംഗിച്ചു. 14 ജില്ലകളിൽനിന്നായി 150 പ്രതിനിധികൾ പങ്കെടുത്തു.