സാധാരണക്കാര്‍ക്ക് ആശ്വാസം, വ്യാപാരികൾക്കു പ്രതീക്ഷ
Wednesday, July 24, 2024 2:50 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: സാധാരണക്കാര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവാണ് സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്നത്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കിയാണു കുറച്ചത്.
കുറച്ചു മാസങ്ങളായി സ്വര്‍ണവിലയില്‍ തുടരുന്ന ചാഞ്ചാട്ടം സാധാരണക്കാരുടെ ആഭരണമോഹത്തിനു മങ്ങലേല്‍പ്പിച്ചിരുന്നു. ചിങ്ങമാസത്തോടെയാണ് കേരളത്തില്‍ വിവാഹസീസണ് ആരംഭിക്കുന്നത്.
അതുകൊണ്ടുതന്നെ സ്വര്‍ണ വിലയിലെ ഇടിവ് കല്യാണപ്പാര്‍ട്ടികള്‍ക്ക് ആശ്വാസം പകരുന്നതാണ്. ബജറ്റിലെ നികുതിസംബന്ധമായ വ്യക്തത വരും ദിവസങ്ങളില്‍ ഉണ്ടാകും. അതിനു ശേഷം സ്വര്‍ണവിലയില്‍ ഇനിയും കുറവ് വന്നേക്കാമെന്നാണ് വിപണി നല്കുന്ന സൂചന.
കള്ളക്കടത്ത് കുറയും
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ കള്ളക്കടത്ത് വന്‍ തോതില്‍ കുറയും. 10 ലക്ഷം രൂപയുടെ ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവരുമ്പോള്‍ ഏകദേശം ഒന്‍പത് ലക്ഷം രൂപയിലധികമാണ് കള്ളക്കടത്തുകാര്‍ക്ക് ലഭിക്കുന്നത്. സ്വര്‍ണത്തിന്റെ വിലവര്ധനകൂടിയായപ്പോള് കള്ളക്കടത്തുകാര്‍ക്ക് വന്‍ ലാഭമായിരുന്നു.
ഇനി ആ സ്ഥാനത്ത് രണ്ടോ മൂന്നോ ലക്ഷം രൂപ മാത്രമേ ലഭിക്കൂ. കള്ളക്കടത്തിനു തടയിടാന്‍ ഇതിലൂടെ കഴിയും. ആഭരണനിര്‍മാണ മേഖലയിലും ചെറിയ തോതില്‍ സ്തംഭനം ഉണ്ടായിരുന്നതിനാല്‍ നിര്‍മാതാക്കള്‍ക്കും ഇതു ഗുണകരമായിരിക്കും.
നികുതിയില്‍ ഇളവ് വരുത്തിയാല്‍ ആഭരണവിപണി സജീവമാകുമെന്നും സ്വര്‍ണക്കടത്ത് കുറയ്ക്കാന്‍ സാധിക്കുമെന്നും ജ്വല്ലറി വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നുവെന്ന് ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) സംസ്ഥാന ട്രഷറര്‍ അഡ്വ. അബ്ദുല്‍ നാസര്‍ പറഞ്ഞു.