അതിഥി തൊഴിലാളിയുടെ മരണം: പ്രതി ജാർഖണ്ഡിൽ പിടിയിൽ
1224997
Monday, September 26, 2022 11:29 PM IST
വിഴിഞ്ഞം: ചൊവ്വര പുളിങ്കുടി ലേബർ ക്യാമ്പിൽ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വിഴിഞ്ഞം പോലീസ് ജാർഖണ്ഡിൽ നിന്ന് അറസ്റ്റുചെയ്ത പ്രതിയെ കേരളത്തിൽ കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചു.
ജാർഖണ്ഡിലെ ബാൽബദ്ദ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോഡ്ഡാ കോക്ക്രഖാസ് ഗ്രാമം സ്വദേശി ലഖാന്ത്ര സാഹിനെ(44) ആണ് അറസ്റ്റിലായത്. ഝാർഖണ്ഡ് സ്വദേശിയായ കന്താ ലൊഹ്റ (36) ആണ് മദ്യലഹരിയിലുണ്ടായ അടിപിടിക്കിടെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചത്.
കഴിഞ്ഞ 17ന് രാത്രി എട്ടോടെയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് പ്രതിയും ക്യാമ്പിലെ മറ്റൊരു മറുനാടൻ തൊഴിലാളിയുമായ സുനിലും ചേർന്നായിരുന്നു കന്താ ലൊഹ്റയെ ആദ്യം പയറുംമൂടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചത്. ചികിത്സയിലിരിക്കെ 18ന് 11.15 ഓടെ മരിച്ചു.
കന്താ ലൊഹ്റ മരണമടഞ്ഞെന്നു മനസിലാക്കിതോടെ ക്യാമ്പിലെത്തിയ പ്രതിയും സുഹൃത്തും 18ന് വൈകുന്നേരത്തോടെ കേരളം വിട്ടു. ഇതേ തുടർന്ന് വിഴിഞ്ഞത്ത് നിന്നുള്ള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെത്തിയിരുന്നു. ബാൽബദ്ദ പോലീസിന്റെ സഹായത്തോടെ പ്രതിയുടെ വീട് കണ്ടെത്തി. തുടർന്ന് ദ്രുത കർമസേനയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം പുലർച്ചെയോടെ വീടുവളഞ്ഞു.
ഗ്രാമനിവാസികളെത്തി പ്രതിയെ കൊണ്ടു പോകുന്നത് തടഞ്ഞെങ്കിലും ജാർഖണ്ഡ് പോലീസ് കൂടുതൽ സേനയെ വരുത്തി പ്രതിയെ വീടിനുള്ളിൽ നിന്ന് പിടികൂടി കൈമാറുകയായിരുന്നെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. എസ്ഐമാരായ ജി. വിനോദ്, ദിനേശ്, സിപിഒമാരായ ഷിനു, രാമു, ഷിബു എന്നിവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. രണ്ട് ദിവസത്തിനുള്ളിൽ പ്രതിയെ വിഴിഞ്ഞത്ത് എത്തിക്കുമെന്ന് സിഐ പ്രജീഷ് ശശി അറിയിച്ചു.