പാപ്പനംകോട് ബൈക്ക് മോഷണം; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
1264627
Friday, February 3, 2023 11:55 PM IST
പേരൂർക്കട: കരമന സ്റ്റേഷൻ പരിധിയിൽ പാപ്പനംകോട് എൻജിനീയറിംഗ് കോളജിനു സമീപത്തെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതിയെന്നു സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. സംഭവത്തിനു പിന്നിൽ ഇയാളാണെന്ന് ഏകദേശം വ്യക്തമായതായി പോലീസ് അറിയിച്ചു.
പാപ്പനംകോട് എസ്റ്റേറ്റിനു സമീപത്തു വാടകയ്ക്ക് താമസിക്കുന്ന അനൂപ് (19) ആണ് ബൈക്ക് മോഷണത്തിന് പിന്നിലെന്നാണു പോലീസിന്റെ സംശയം. വിവിധ സ്ഥലങ്ങളിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ എല്ലാം ഒരേമുഖമാണ്. കഴിഞ്ഞദിവസം കരമനയിലെ ഒരു ഹോൾസെയിൽ കടയിൽ ഉള്ളി മോഷണവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് കൈമനം സ്വദേശിയായ ജയചന്ദ്രന്റെ ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചത്.
അടുത്തടുത്ത ദിവസങ്ങളിൽ ഒന്നിലേറെ മോഷണങ്ങൾ നടത്തിയ ആളാണ് പ്രതിയെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചു വരുന്നതായും കരമന പോലീസ് വ്യക്തമാക്കി.