നേമത്ത് ക്രിമിനൽ കേസ് പ്രതിയുടെ വീട്ടിൽ നിന്നും നാടൻ ബോംബുകള്‍ കണ്ടെത്തി
1337915
Sunday, September 24, 2023 12:30 AM IST
നേമം: ക്രിമിനല്‍ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. ശനിയാഴ്ച രാവിലെ കഞ്ചാവും മയക്കുമരുന്നും കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയ്ക്കിറങ്ങിയ നേമം പോലീസ് നടത്തിയ തെരച്ചിലിലാണ് പൊന്നുമംഗലം വാറുവിളാകത്തു വീട്ടില്‍ നിന്നും ബോംബുകള്‍ കണ്ടെത്തിയത്.
വീട്ടിലുണ്ടായിരുന്ന പ്രദീപ് (39) നെ പോലീസ് അറസ്റ്റു ചെയ്തു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൂച്ച പ്രവീണിന്റെ സഹോദരനാണ് പ്രദീപ്. വീടിനു പുറകിലെ നായകൂടിന് അടിയില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് മൂന്ന് നാടന്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തത്.
ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ കൂടുതല്‍ പരിശോധന നടത്തിയ ശേഷം ബോംബുകള്‍ സ്റ്റേഷനിലെത്തിച്ചു. പിന്നീടു കല്ലിയൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിൽ എത്തിച്ച് ഉച്ചയോടെ ബോംബുകള്‍ നിര്‍വീര്യമാക്കി.