കാട്ടാക്കട- മണ്ഡപത്തിൻകടവ്- വെള്ളറട റോഡ് ശോച്യാവസ്ഥയിൽ
1424989
Sunday, May 26, 2024 5:25 AM IST
കാട്ടാക്കട : മഴ ശക്തമായതോടെ കാട്ടാക്കട- മണ്ഡപത്തിൻകടവ്- വെള്ളറട റോഡ് ശോച്യാവസ്ഥയിലായി. കാട്ടാക്കടയിൽ നിന്നും മണ്ഡപത്തിൻകടവ് വരെ റോഡ് സഞ്ചാരയോഗ്യമല്ലാതായ് തകർന്നു കിടക്കുകയാണ്. കാട്ടാക്കട ചൂണ്ടുപലക മുതൽ കുച്ചപ്പുറം വരെയും റോഡ് തകർന്നു.
ഇതിൽ ചൂണ്ടുപലകയിൽ മഴക്കാലത്ത് രൂപപ്പെടുന്ന കുഴിയാണ് എറെ അപകടകരം. കാട്ടാക്കട മണ്ഡലത്തിൽപ്പെടുന്നതാണ് റോഡ്. മുഴുവൻ സമയവും വാഹനങ്ങളുടെ തിരക്കാണ് ഇവിടെ .
കാട്ടാക്കട നിന്നും ചെമ്പൂര്, വാഴിച്ചൽ, മണ്ഡപത്തിൻകടവ്, വെള്ളറട തുടങ്ങി മലയോര മേഖലയിലേക്കുള്ള റോഡിൽ മുഴുവൻ ടാറുകൾ ഒലിച്ചുപോയ നിലയിലാണ്. അതേസമയം പ്രദേശത്തെ റോഡുകൾ അറ്റകുറ്റപണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ പേരുനു മാത്രം അറ്റകുറ്റപണി നടത്തി മടങ്ങുമെന്നും പരാതിയുണ്ട്. മഴവെള്ളെ ഒഴുകിപോകാൻ കൃത്യമായ ഓടസൗകര്യം ഇല്ലാത്തതും പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമാകുന്നു.
നവീകരണത്തിനായി കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതി പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഏറ്റെടുത്തെങ്കിലും തുടർനടപടികളായില്ലെന്ന് നാട്ടു കാർ ആരോപിക്കുന്നു.