ആദിവാസി സെറ്റിൽമെന്റിലെ മാലിന്യ നിക്ഷേപം:നിക്ഷേപിച്ച ഏജൻസിയെക്കൊണ്ട് മാലിന്യം നീക്കം ചെയ്യിച്ചു
1425240
Monday, May 27, 2024 1:37 AM IST
നെടുമങ്ങാട്: ആദിവാസി സെറ്റിൽമെന്റ് ഏരിയയിൽ ബിവറേജ് ഔട്ട്ലറ്റ് മാലിന്യം തള്ളിയ സംഭവത്തിൽ മാലിന്യം തള്ളിയ ഏജൻസി തന്നെ മാലിന്യം നീക്കം ചെയ്തു. ചെട്ടിയാംപാറ ട്രൈബൽ സ്കൂളിന് മുന്നിലും സമീപ വീടുകളുടെ മുന്നിലുമായിരുന്നു ടൺ കണക്കിന് മാലിന്യം നിക്ഷേപിച്ചത്.
നഗരത്തിലെ തമ്പാനൂർ, പഴവങ്ങാടി ബീവറേജ് ബില്ലുകളും മദ്യ കുപ്പികളും കെട്ടിട അവശിഷ്ടങ്ങളുമാണ് ഉണ്ടായിരുന്നത്. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്നാണ് അധികൃതരെത്തി മാലിന്യം പരിശോധന നടത്തിയത്.
തുടർന്നായിരുന്നു നഗരത്തിലെ ബിവറേജ് ഔട്ട്ലറ്റുമായി ബന്ധപ്പെടുകയും മാലിന്യം നിക്ഷേപം ചെയ്യാനുള്ള ഏജൻസിയെ തിരിച്ചറിഞ്ഞതും. എന്നാൽ ഏജൻസി ഉടമയെ വിളിച്ചപ്പോൾ സ്ഥലത്തില്ലെന്നായിരുന്നു മറുപടി നൽകിയത്. ഇതിന് ശേഷമാണ് ഏജൻസി ഏർപ്പാടാക്കിയ പ്രദേശത്തെ പ്രാദേശിക ആളുകളെ കൊണ്ട് മാലിന്യം തിരികെ എടുത്തത്. ഈ മേഖലകളിൽ സ്ഥിരമായി തലസ്ഥാന നഗരിയിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണെന്നും സിസിടിവി ഇവിടെ സ്ഥാപിക്കണമെന്നും നാട്ടുകാർ പറയുന്നു. ഏജൻസിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും എന്നും 50000 രൂപ പിഴ ഇടാക്കുമെന്നും അധികൃതർ പറഞ്ഞു.