ഓണത്തിരക്കിലമര്‍ന്ന് നെയ്യാറ്റിന്‍കര നഗരവും പരിസരപ്രദേശങ്ങളും
1451640
Sunday, September 8, 2024 6:26 AM IST
നെയ്യാറ്റിന്‍കര : പൊതുനിരത്തില്‍ നിരനിരയായി വഴിയോര കച്ചവടം. പാതയോരങ്ങളില്‍ അനധികൃത പാര്‍ക്കിംഗ്. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക്. നെയ്യാറ്റിന്‍കര അക്ഷരാര്‍ഥത്തില്‍ ഓണത്തിരക്കിലമര്‍ന്നു കഴിഞ്ഞു.
ആലുംമൂട് ജംഗ്ഷന് മുതല്‍ ആശുപത്രി ജംഗ്ഷന് വരെയുള്ള റോഡിന്റെ ഒരു വശം വഴിയോര കച്ചവടക്കാര്‍ക്ക് പതിച്ചു നല്കിയ പ്രതീതിയാണ്. തുണിത്തരങ്ങളും ചെടികളും മുതല്‍ കളിപ്പാട്ടങ്ങൾ വരെ ഇവിടെ സുലഭം. ഓണക്കാലമായതോടെ കച്ചവടക്കാരുടെയും വില്‍പ്പന സാമഗ്രികളുടെയും എണ്ണത്തിലും വര്‍ധനവുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വ്യാപാര സ്ഥാപനങ്ങളിലെല്ലാം പതിവിനെക്കാള്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള അക്ഷയ ഷോപ്പിംഗ് കോംപ്ലക്സില്‍ പോലീസ് സ്ഥാപിച്ച നോ പാര്‍ക്കിംഗ് ബോര്‍ഡിനു മുന്നില്‍ പോലും വാഹനങ്ങളുടെ പാര്‍ക്കിംഗ് കാണാം. വഴിയോരങ്ങളില്‍ പലയിടത്തുമുള്ള അനധികൃത പാര്‍ക്കിംഗ് സുഗമമായ ഗതാഗതത്തെ തടസപ്പെടുത്തുന്നുണ്ടെന്ന് യാത്രക്കാര്‍ ആരോപിച്ചു.
ഗതാഗതക്കുരുക്കിന് കുപ്രസിദ്ധിയാര്‍ജിച്ച ബാലരാമപുരത്താകട്ടെ കുരുക്ക് കൂടുതല്‍ മുറുകി.
മുടവൂര്‍പ്പാറ മുതല്‍ വഴിമുക്ക് വരെയാണ് പലപ്പോഴും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് കിടക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ രാവിലെയും വൈകുന്നേരവും വണ്‍വേ സന്പ്രദായം ഏര്‍പ്പെടുത്തിയിട്ടുള്ള ആലുംമൂട് ജംഗ്ഷനിലും ഗതാഗതക്കുരുക്ക് തീരാശാപമായി തുടരുന്നു.