പുതിയ അറിവുകളിലൂടെ സഞ്ചരിക്കുന്നത് ഉദാത്ത ശ്രദ്ധാഞ്ജലി: ഡോ. പി. സോമൻ
1459998
Wednesday, October 9, 2024 8:05 AM IST
തിരുവനന്തപുരം: ഗുരുക്കന്മാർ പകർന്നു നല്കിയ അറിവ് ഉൾക്കൊണ്ടും, വിമർശന ബുദ്ധിയോടെ നേരിട്ടും മുന്നോട്ടു പോകണമെന്നു പ്രശസ്ത സാഹിത്യനിരൂപകൻ ഡോ. പി. സോമൻ. പ്രഫ. തിരുനല്ലൂർ കരുണാകരനെ പോലുള്ള അധ്യാപകന്മാർ പഠിപ്പിച്ച ഇടത്തിൽ തന്നെ നില്ക്കാതെ മുന്നോട്ടുപോകുന്പോഴാണ് അവർക്കുള്ള സ്മരണാഞ്ജലി അർഥവത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കവി, അധ്യാപകൻ, പണ്ഡിതൻ എന്നീ നിലകളിൽ പ്രശോഭിച്ച തിരുനല്ലൂർ കരുണാകരന്റെ ജ·ശതാബ്ദിയോടനുബന്ധിച്ച് നടന്ന സെമിനാറിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു ഡോ. പി. സോമൻ. തിരുനല്ലൂർ സാഹിത്യവേദിയും യൂണിവേഴ്സിറ്റി കോളജ് മലയാള വിഭാഗവും ചേർന്ന് സംഘടിപ്പിച്ച തിരുനല്ലൂർ ജന്മശതാബ്ദി യൂണിവേഴ്സിറ്റി കോളജിലെ ഐക്യുഎസി ഹാളിലാണ് നടന്നത്.
തിരുനല്ലൂരിന്റെ ഭാഷാപഠനങ്ങൾ എന്ന വിഷയത്തിലാണ് ഡോ. പി. സോമൻ പ്രബന്ധം അവതരിപ്പിച്ചത്. മലയാള ഭാഷയുടെ ഉത്പത്തിയെക്കുറിച്ച് സമഗ്രമായ പഠനം അനിവാര്യമാണ്. ഭാഷാഗവേഷകരായ മുൻതലമുറയിലെ ഗുരുക്കന്മാർക്കു ലഭിക്കാത്ത വിവരശേഖരണ ശ്രോതസ്സുകൾ ഇന്നു ലഭ്യമാണ്. ഈ ഡാറ്റകൾ പ്രയോജനപ്പെടുത്തി നിലനില്ക്കുന്ന പല സിദ്ധാന്തങ്ങളും പൊളിച്ചെഴുതണമെന്നും ഡോ. പി. സോമൻ ചൂണ്ടിക്കാട്ടി.
പരിഭാഷയിൽ നഷ്ടപ്പെടാത്ത തിരുനല്ലൂർ എന്ന വിഷയം ഡോ. ഡൊമിനിക് ജെ. കാട്ടൂരും തിരുനല്ലൂർ എന്ന അധ്യാപകൻ എന്ന വിഷയം പ്രഫ. എച്ച്.വി. വിജയകുമാരി അവതരിപ്പിച്ചു. ഡോ. അജയൻ പനയറ തിരുനല്ലൂരിന്റെ കാവ്യലോകം എന്ന വിഷയത്തിലും ഡോ. സി. ഉദയകല തൊഴിലാളി വർഗ പ്രാതിനിധ്യം തിരുനല്ലൂർ കവിതകളിൽ എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തിരുനല്ലൂർ സാഹിത്യവേദി പ്രസിഡന്റ് പ്രഫ. പുത്തൂർ ബാലകൃഷ്ണൻ നായർ സഹപ്രവർത്തകനും മാനസഗുരുവുമായ തിരുനല്ലൂർ കരുണാകരനെ അനുസ്മരിച്ചു.
ചടങ്ങിന്റെ ഉദ്ഘാടനം യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ.ആർ. സന്തോഷ് കുമാർ നിർവഹിച്ചു. മലയാളം വകുപ്പ് മേധാവി ഡോ. ബി ശ്രീകുമാർ അധ്യക്ഷതനായി. തിരുനല്ലൂർ സാഹിത്യവേദി സെക്രട്ടറി വി. ദത്തൻ സ്വാഗതം ആശംസിച്ചു. പള്ളിച്ചൽ സുരേഷ് നന്ദി പറഞ്ഞു.
സ്വന്തം ലേഖിക