ജില്ലയിൽ വിജിലൻസ് കോടതി പ്രവർത്തനം ആരംഭിച്ചു
1566159
Tuesday, June 10, 2025 3:57 AM IST
മഞ്ചേരി: ജില്ലയിലെ അഴിമതി സംബന്ധമായ കേസുകൾ തീർപ്പാക്കാൻ മഞ്ചേരി ജില്ലാ കോടതി സമുച്ചയത്തിൽ വിജിലൻസ് കോടതി പ്രവർത്തനം തുടങ്ങി. ഒന്നാം അഡീഷണൽ സെഷൻസ് കോടതി പ്രവർത്തിച്ച കെട്ടിടത്തിലാണ് പുതിയ സംവിധാനം.
വിജിലൻസ് പിടികൂടുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത് മുതൽ അവരുടെ റിമാൻഡ്, ജാമ്യാപേക്ഷ, കേസ് വിസ്താരം, വിധി പ്രസ്താവിക്കൽ എന്നിവയെല്ലാം ഈ കോടതിയുടെ അധികാര പരിധിയിൽ വരും. തുടക്കത്തിൽ കോഴിക്കോട് വിജിലൻസ് കോടതിയുടെ ക്യാന്പ് സിറ്റിംഗ് കേന്ദ്രമായി പ്രവർത്തിക്കും. മാസത്തിൽ നാല് തവണ സിറ്റിംഗ് ഉണ്ടാകും.
ഇതുവരെ മലപ്പുറം ജില്ലയിൽ നിന്നുള്ള വിജിലൻസ് കേസുകൾ പരിഗണിച്ചിരുന്നത് കോഴിക്കോട് വിജിലൻസ് കോടതിയിലായിരുന്നു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് കെ. സനിൽകുമാർ, വിജിലൻസ് കോടതി ജഡ്ജ് ഷിബു തോമസ്, ജില്ലാ പ്രോസിക്യൂട്ടർ ടോം കെ. തോമസ്, ബാർ കൗണ്‍സിൽ പ്രസിഡന്റ് എം. ഉമ്മർ, സെക്രട്ടറി കെ.എം. സുരേഷ്, അംഗം പി.സി. മൊയ്തീൻ എന്നിവർ ആദ്യ സിറ്റിംഗിൽ പങ്കെടുത്തു.