വോട്ടെടുപ്പ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
1566161
Tuesday, June 10, 2025 3:57 AM IST
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടെടുപ്പ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. ഒന്നാംഘട്ട റാൻഡമൈസേഷനിൽ അനുവദിച്ചു കിട്ടിയ 315 വോട്ടിംഗ് യന്ത്രങ്ങളും (315 വീതം കണ്ട്രോൾ- ബാലറ്റ് യൂണിറ്റുകൾ) 341 വിവിപാറ്റുകളും റാൻഡം അടിസ്ഥാനത്തിൽ മണ്ഡലത്തിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിലേക്ക് ഇലക്ഷൻ കമ്മീഷന്റെ സോഫ്റ്റ്വെയർ വഴി അനുവദിച്ചു നൽകുന്ന പ്രക്രിയയാണത്. മണ്ഡലത്തിലെ ഓരോ ബൂത്തിലേക്കും ഏത് വോട്ടെടുപ്പ് യന്ത്രം ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ഈ പ്രക്രിയ വഴിയാണ്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇലക്ഷൻ കമ്മീഷന്റെ സോഫ്റ്റ്വെയർ വഴി വോട്ടിംഗ് യന്ത്രങ്ങളുടെ റാൻഡമൈസേഷൻ പൂർത്തിയാക്കിയത്. വരണാധികാരിയും പെരിന്തൽമണ്ണ സബ്കളക്ടറുമായ അപൂർവ ത്രിപാഠി, തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകനായ കെ.വി. മുരളീധരൻ, പോലീസ് നിരീക്ഷകൻ അരുണ്‍ ശങ്കുഗിരി, ചെലവ് നിരീക്ഷകൻ അങ്കിത് ആനന്ദ്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
റാൻഡമൈസേഷനുശേഷം വോട്ടെടുപ്പ് യന്ത്രങ്ങൾ പോളിംഗ് സാമഗ്രികളുടെ സ്വീകരണ, വിതരണ കേന്ദ്രമായ ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലേക്ക് കൊണ്ടുപോയി. 18 നാണ് പോളിംഗ് സാമഗ്രികളുടെ വിതരണം. 19ന് വോട്ടെടുപ്പ് നടക്കും. 23ന് വോട്ടെണ്ണൽ വരെ യന്ത്രങ്ങൾ ഇതേ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും.