വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബി ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്
1566162
Tuesday, June 10, 2025 3:57 AM IST
എടക്കര: വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെള്ളക്കട്ടയിലെ ആമാടൻ സുരേഷിന്റെ മകൻ അനന്തുവിന്റെ ദാരുണ മരണത്തിൽ വൈദ്യുതി ബോർഡിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് നീല ട്രോളിയുമായി എത്തിയവർ നിലന്പൂരിൽ പന്നിക്കെണിയുമായി എത്തി പരാജയപ്പെട്ടെന്ന് സതീശൻ പറഞ്ഞു. വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നവരുടെ വായ് മൂടിക്കെട്ടണമെന്നും അനന്തുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എം. ഷാജി എംഎൽഎ, അൻവർ സാദത്ത് എംഎൽഎ, കെ.എം. അഷ്റഫ് എംഎൽഎ, മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, ടി.പി. അഷ്റഫലി, അഹമ്മദ് ഷാജു, ബിന്ദു കൃഷ്ണ, ഇസ്മായിൽ മൂത്തേടം, കോയണ്ണി വാളശേരി, സുനീർ മണൽപ്പാടം, ചെന്പൻ ചെറി എന്നിവർ പ്രസംഗിച്ചു.
വഴിക്കടവ് പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി
എടക്കര: വഴിക്കടവ് വെള്ളക്കട്ടയിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം പഞ്ചായത്ത് ഭരണസമിതിയുടെ കുറ്റകരമായ അനാസ്ഥയാണെന്നാരോപിച്ച് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

വിദ്യാർഥിയുടെ മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ച യുഡിഎഫിനെ തന്നെ ഇത് തിരിഞ്ഞു കുത്തുകയാണെന്നും ചിലർ ഇത് വനം-വന്യജീവി പ്രശ്നമായി ചിത്രീകരിക്കാൻ ആദ്യഘട്ടത്തിൽ ശ്രമിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു. എന്നാൽ കൃഷിക്കും മറ്റും നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഒരു സംവിധാനം നാട്ടിൽ ഉണ്ടായിട്ടും അത് നടപ്പാക്കാത്തത് വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയുടെ കഴിവുകേടാണ്.
പന്നി വേട്ടക്കാർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന പ്രവർത്തനമാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും വിജയരാഘവൻ പറഞ്ഞു. കെ.രാധാകൃഷ്ണൻ എംപി, സത്യൻ മൊകേരി, ആലിസ് മാത്യു, എം.എം. വർഗീസ്, വി.പി. സാനു, ഇ. ജയൻ, ടി.എം. സിദീഖ്, അനസ് കെ. ജംഷീർ, എം.ടി. അലി, പി.ടി. ഉഷ എന്നിവർ പ്രസംഗിച്ചു.
അനന്തുവിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകണം: കെ.സുരേന്ദ്രൻ
നിലന്പൂർ: അനന്തുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മലയോര കർഷകരെ കൊലയ്ക്ക് കൊടുക്കാതിരിക്കണമെന്നാവശ്യപ്പെട്ട് നിലന്പൂരിലെ വനംവകുപ്പ് ആസ്ഥാനത്തിന് മുന്നിൽ എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ കൊല്ലാൻ വേണ്ട ഒരു ലൈസൻസും പ്രധാനമന്ത്രി നൽകേണ്ടതില്ല. അത്തരം അധികാരങ്ങളൊക്കെ സംസ്ഥാന സർക്കാരിന് വളരെ നേരത്തെ തന്നെ നൽകിയിട്ടുണ്ട്. ആനയ്ക്ക് എത്ര കാലുണ്ട് എന്നുപോലുമറിയാത്ത ഒരു വനം മന്ത്രിയെയാണ് പിണറായി വിജയൻ വച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
നിലന്പൂരിലെ മലയോര ജനത നേരിടുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജിനെ വിജയിപ്പിക്കേണ്ടത് മലയോര ജനതയുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ്, ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. ഷോണ് ജോർജ്, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രശ്മിൽനാഥ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട്, ബിജു സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു.
ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
എടക്കര: വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. രണ്ടാഴ്ചയ്ക്കുള്ളിൽ പോലീസിൽ നിന്ന് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. മരണപ്പെട്ട അനന്തുവിന്റെ വീട്ടിൽ ബാലാവകാശ കമ്മീഷൻ അംഗം കെ.വി. മനോജ് കുമാർ സന്ദർശനം നടത്തിയ ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകിയത്. ബാലാവകാശ കമ്മീഷൻ അംഗം അനന്തുവിന്റെ കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ തേടി.
അനധികൃത വൈദ്യുത വേലികൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കമ്മീഷൻ ഊന്നൽ നൽകി. അനന്തുവിന്റെ ദാരുണമായ മരണം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
കാട്ടുപന്നി ശല്യം രൂക്ഷമായ പല പ്രദേശങ്ങളിലും അനധികൃതമായി വൈദ്യുതി വേലികൾ സ്ഥാപിക്കുന്നത് പതിവാണെന്നും ഇത് മനുഷ്യജീവന് ഭീഷണിയാണെന്നും ആക്ഷേപമുയർന്നിരുന്നു. ബാലാവകാശ കമ്മീഷന്റെ ഇടപെടൽ ഇത്തരം സംഭവങ്ങളിൽ കർശന നടപടികൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.